പമ്പ ഗണപതി കോവിലിലെ സന്ദര്‍ശനം പോലീസ് തടഞ്ഞു
1599286
Monday, October 13, 2025 3:44 AM IST
പത്തനംതിട്ട: പമ്പ ഗണപതി കോവില്‍ സന്ദര്‍ശിക്കാനെത്തിയ ശബരിമല ആചാര സംരക്ഷണ സമിതി പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. നാറാണംതോട്, അട്ടത്തോട് പ്രദേശങ്ങളില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട സംഘത്തെയാണ് ത്രിവേണിയില്‍ പോലീസ് തടഞ്ഞത്. തുടര്‍ന്ന്, സമിതി പ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിച്ചതോടെ സ്ത്രീകളെയും കുട്ടികളെയും കോവില്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ചു.
ശബരിമല സ്വര്‍ണ കവര്‍ച്ചയുമായി ബന്ധപ്പെട്ട് ആചാര സംരക്ഷണ സമിതി രണ്ടാം ഘട്ട ശബരിമല സംരക്ഷണ സമരം തുടങ്ങുന്നതിന് മുന്നോടിയായി പമ്പ ഗണപതി കോവിലില്‍ നേര്‍ച്ച സമര്പ്പിക്കാനെത്തിയതായിരുന്നുവെന്ന് പറയുന്നു.
മൂന്ന് വാഹനങ്ങളിലായി എത്തിയ പ്രവര്‍ത്തകരെ തടഞ്ഞ പോലീസ്, രാഷ്ട്രപതി ശബരിമല സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ പ്രവേശനം നിഷേധിക്കുന്നതായി അറിയിച്ചു.
എന്നാൽ, പൊതുജനങ്ങള്‍ക്കായി ഇത്തരമൊരു നിയന്ത്രണത്തെക്കുറിച്ച് യാതൊരു മുന്നറിയിപ്പും നല്‍കിയിരുന്നില്ലെന്ന് സമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇതേ തുടര്‍ന്ന് പ്രവര്‍ത്തകരും പോലീസുമായി ഏറെ നേരം വാക്കേറ്റമുണ്ടായി.
പി.വി. അനോജ് കുമാർ, ഗ്രാമപഞ്ചായത്ത് മെംബ് ജിതേഷ് ഗോപാലകൃഷ്ണൻ, അരുണ്‍ അനിരുദ്ധന്, അനന്തു മണിലാൽ, സന്തോഷ് മടുക്കോലില്‍, ശ്യാം കുമാർ, സാനു മാമ്പാറ, സുരേഷ് മടുക്കോലിൽ, രാഘുനാഥന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘം പമ്പയിലെത്തിയത്.