തിരുവല്ല സ്റ്റേഷന് സൗകര്യങ്ങള്‍ വിപുലപ്പെടുന്നു; രാത്രികാല വണ്ടികളുടെ സ്റ്റോപ്പ് പുനഃസ്ഥാപിച്ചില്ല
1459388
Monday, October 7, 2024 3:24 AM IST
തിരുവല്ല: റെയില്‍വേ സ്റ്റേഷന് അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും. ഇതോടെ സ്റ്റേഷന്റെ മുഖച്ഛായതന്നെ മാറുകയാണ്. യാത്രക്കാര്‍ക്ക് വാഹന പാര്‍ക്കിംഗും പ്ലാറ്റ്ഫോമിലെ സൗകര്യങ്ങളും മെച്ചപ്പെടും. റെയില്‍വേ സ്റ്റേഷന് റോഡുവഴി കൂടുതല്‍ ബസുകളും കടത്തിവിടുന്നതോടെ തിരുവല്ലയിലെ യാത്രാപ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകും. എന്നാല്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പെന്ന ആവശ്യത്തില്‍ ഇതേവരെ റെയില്‍വേ അനുകൂലമായി പ്രതികരിച്ചില്ല.
പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷനാണ് തിരുവല്ല. ജില്ലയുടെ കിഴക്കന്‍ മലയോര മേഖലകളില്‍നിന്നും പടിഞ്ഞാറന്‍ മേഖലകളില്‍നിന്നും തിരുവല്ല സ്റ്റേഷനെ ആശ്രയിക്കുന്ന യാത്രക്കാര്‍ നിരവധിയാണ്. തിരുവല്ല സ്റ്റേഷന്റെ കഴിഞ്ഞ പദ്ധതി വര്‍ഷത്തെ വരുമാനം 20.15 കോടിയാണ്. വരുമാനത്തില്‍ തിരുവല്ല മുന്‍പന്തിയിലുണ്ടെങ്കിലും സൗകര്യങ്ങള്‍ നല്കുന്നതില് റെയില്‍വേ താത്പര്യം കാട്ടിയിരുന്നില്ല.
രാത്രികാലങ്ങളില്‍ സ്റ്റേഷന് പരിസരം മിക്കപ്പോഴും ഇരുട്ടിലാണ്. വൈദ്യുതിബന്ധം നിലച്ചാല്‍ ജനറേറ്റര്പോലും പ്രവര്‍ത്തിക്കാറില്ല. വര്‍ഷങ്ങളായി യാത്രക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ചശേഷമാണ് ഇപ്പോള്‍ ആധുനികവത്കരണ ജോലികള്‍ ആരംഭിച്ചിട്ടുള്ളത്.
പശ്ചാത്തല വികസനം
ലോകോത്തര നിലവാരമുള്ള പശ്ചാത്തല സൗകര്യങ്ങള്‍ തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ ഒരുക്കാനുള്ള പദ്ധതിയാണ് തയാറാക്കിയിരുന്നത്. അത്യാധുനിക പൂമുഖം, പ്രവേശന കവാടം എന്നിവയുടെ പണികള്‍ അന്തിമഘട്ടത്തിലേക്കു നീങ്ങുകയാണ്. ദേശീയ മാനദണ്ഡപ്രകാരമുള്ള സുരക്ഷാ സംവിധാനവും ഒരുക്കും. സ്റ്റേഷനിലെ നടപ്പാതകളും പാര്‍ക്കിംഗ് ഏരിയയിലെ സൗകര്യങ്ങളും വിപുലപ്പെടും.
ടിക്കറ്റ് കൗണ്ടര്‍ സാങ്കേതികവത്കരണം ഉടന്‍ പൂര്‍ത്തിയാക്കും. ആധുനിക മെഷീനുകളാണ് കൗണ്ടറുകളിലേക്ക് എത്തിച്ചിരിക്കുന്നത്. കൂടുതല്‍ ഇടങ്ങളില്‍ ഓട്ടോമാറ്റിക്ക് ടിക്കറ്റ് വെന്റിംഗ് മെഷിനുകള്‍ സ്ഥാപിക്കും. പ്ലാറ്റ്ഫോം ഷെല്‍ട്ടറുകളില്‍ ആറ് ബേകളാണ് നിര്‍മിക്കുന്നത്. ഓരോ ബേയുടെയും നീളം 16 മീറ്ററാണ്.
പ്ലാറ്റ്ഫോമുകള്‍ക്ക് പൂര്‍ണമായി മേല്‍ക്കൂരകള്‍ ഇട്ടു വരികയാണ്. രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളിലടക്കം പുതിയ ശുചിമുറികളും കുടിവെള്ള സൗകര്യവും ഉണ്ടാകും. പ്ലാറ്റ്ഫോമില്‍ ഡിസ്പ്ലേ ബോര്‍ഡുകളും ഇലക്ട്രോണിക്സ് കോച്ച് പൊസിഷന്‍ ബോര്‍ഡുകളും ഉണ്ടാകും. അമൃത് ഭാരത് സ്റ്റേഷന് പദ്ധതിയില്‍ 13.51 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. പശ്ചാത്തല സൗകര്യ വികസനത്തിനായി പത്തുകോടി നേരത്തെ അനുവദിച്ചിരുന്നു.
രാത്രികാല വണ്ടികള്‍ക്ക് പച്ചക്കൊടി
വടക്കന്‍ മേഖലയില്‍നിന്ന് രാത്രിയിലും പുലര്‍ച്ചെയുമായി തിരുവനന്തപുരത്തേക്ക് കടന്നുപോകുന്ന മൂന്ന് ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കാനാകാത്തതാണ് തിരുവല്ലയിലെ യാത്രക്കാര്‍ നേരിടുന്ന പ്രധാന പ്രശ്നം. മധുരയില്‍നിന്നുള്ള അമൃത, മംഗളൂരുവില്‍നിന്നുള്ള തിരുവനന്തപുരം എക്സ്പ്രസ്, നിലമ്പൂരില്‍നിന്ന് കൊച്ചുവേളിയിലേക്കുള്ള രാജ്യറാണി എക്സ്പ്രസുകളാണ് തിരുവല്ലയില്‍ നിര്‍ത്താത്തത്.
കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ സ്റ്റോപ്പുകളാണിത്. സമീപ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് പുനഃസ്ഥാപിച്ചെങ്കിലും തിരുവല്ലയെ അവഗണിച്ചു. മൂന്ന് ട്രെയിനുകള്‍ക്കും വടക്കോട്ടുള്ള യാത്രയില്‍ തിരുവല്ലയില്‍ സ്റ്റോപ്പുള്ളതാണ്. എന്നാല്‍ മടക്കയാത്രയില്‍ നിര്‍ത്തുന്നില്ല. തിരുവല്ലയില്‍ ഇറങ്ങാനായി ഈ ട്രെയിനുകളില്‍ നിരവധി യാത്രക്കാരാണുള്ളത്. ഇവര്‍ ചെങ്ങന്നൂരിലിറങ്ങി നേരം പുലരുവോളം കാത്തിരുന്നശേഷം മടങ്ങുകയാണ് ഇപ്പോഴത്തെ രീതി.
എംപിമാരടക്കം ഇടപെട്ടിട്ടും സ്റ്റോപ്പ് പുനഃസ്ഥാപിക്കാന്‍ നടപടി ആയിട്ടില്ല. ചില റെയില്‍വേ ഉദ്യോഗസ്ഥരുടെ പിടിവാശിയാണ് ഇതിനുപിന്നിലെന്ന് പറയുന്നു.
വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടത് തിരുവല്ലയിലെ സ്റ്റോപ്പാണ്. എന്നാല്‍ പത്തനംതിട്ട ജില്ലയില്‍ ട്രെയിനിനു സ്റ്റോപ്പുണ്ടായിരുന്നു. വിവേക് എക്സ്പ്രസ് അടക്കമുള്ള പ്രധാന ട്രെയിനുകള്‍ പലതിനും ഇപ്പോഴും തിരുവല്ലയില്‍ സ്റ്റോപ്പില്ല.
പുതിയ മെമു ഇന്നുമുതല്‍
യാത്രക്കാരുടെ ആവശ്യവും തിരക്കും പരിഗണിച്ച് കോട്ടയം പാതയില്‍ പുതിയ മെമു സര്‍വീസ് ഇന്ന് ആരംഭിക്കുമെന്ന് ആന്റോ ആന്റണി എംപി അറിയിച്ചു.
രാവിലെ 6.15ന് കൊല്ലത്തുനിന്ന് ആരംഭിച്ച് 9.35ന് എറണാകുളത്ത് എത്തുന്ന മെമു(നമ്പര്‍ 06169) 7.28ന് തിരുവല്ലയിലെത്തും. പാലരുവി എക്സ്പ്രസിനും വേണാട് എക്സ്പ്രസിനും മധ്യേയുള്ള പുതിയ മെമു സര്‍വീസ് സ്ഥിരം യാത്രക്കാരായ ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനപ്പെടും.
തിരികെ എറണാകുളം ജംഗ്ഷനില്‍നിന്ന് 9.50നു പുറപ്പെടുന്ന മെമു (നമ്പര്‍ 06170) തിരുവല്ലയില്‍ 11.41നും കൊല്ലത്ത് 1.30നും എത്തും. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളിലാണ് സ്പെഷല്‍ സര്‍വീസായി നടത്തുക.
കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരില്‍കണ്ട് നിരന്തരം സമ്മര്‍ദം ചെലുത്തിയതിന്റെ ഭാഗമായാണ് പുതിയ സര്‍വീസ് അനുവദിച്ചതെന്ന് എംപി പറഞ്ഞു.