മിനിറ്റ്സ് തിരുത്തി തീരുമാനം അട്ടിമറിച്ചെന്ന് ആരോപണം : തിരുവല്ല നഗരസഭയിൽ ബഹളം, വാക്കൗട്ട്
1458731
Friday, October 4, 2024 2:28 AM IST
തിരുവല്ല: മിനിറ്റ്സിൽ തിരുത്തൽ വരുത്തി തീരുമാനം അട്ടിമറിച്ചെന്ന് ആരോപിച്ച് തിരുവല്ല നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിന് ഭരണകക്ഷിയിൽനിന്നും പിന്തുണ. സെപ്റ്റംബർ നാലിനു നടന്ന കൗൺസിൽ യോഗത്തിലെ തീരുമാനങ്ങൾ അട്ടിമറിച്ചതായും മിനിറ്റ്സിൽ തിരുത്തൽ വരുത്തിയെന്നും ആരോപിച്ചായിരുന്നു എൽഡിഎഫ്, ബിജെപി അംഗങ്ങളുടെ പ്രതിഷേധം. ഇതിനാണ് ചില ഭരണകക്ഷി അംഗങ്ങളും പിന്തുണ നൽകിയത്.
നഗരസഭാ പരിധിയിലെ മാലിന്യ നീക്കത്തിന് സ്വകാര്യ കമ്പനി എടുത്തിരുന്ന കരാർ കാലാവധി സെപ്റ്റംബർ ആറിന് അവസാനിച്ചിരുന്നു. താത്പര്യപത്രം ക്ഷണിക്കാതെ കരാർ മറ്റൊരാൾക്ക് നൽകാൻ കൗൺസിൽ യോഗത്തിൽ നടന്ന നീക്കത്തെ പ്രതിപക്ഷ കക്ഷികൾ എതിർത്തു. തുടർന്ന് നിലവിലെ കരാറുകാരന് ആറുമാസം കൂടി സമയം നീട്ടി നൽകുവാനും താത്പര്യപത്രം ക്ഷണിക്കുന്നതിനായി പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകാനും കൗൺസിൽ യോഗം തീരുമാനമെടുത്തിരുന്നു.
എന്നാൽ വ്യാഴാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ അംഗങ്ങൾക്ക് നൽകിയ മിനിട്ട്സിൽ പ്രത്യേക കമ്മിറ്റിക്ക് രൂപ നൽകുവാനുള്ള മുൻ തീരുമാനം ഉൾപ്പെടുത്തിയിരുന്നില്ല. പകരം പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കോട്ടയം എന്നീ ജില്ലകളിൽ നിന്നുമുള്ള ഹരിതകർമ സേനകളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ച ശേഷം അവരിൽനിന്നു മൂന്നു പേരെ സെലക്ട് ചെയ്യാനുമുള്ള തീരുമാനമാണ് ഉണ്ടായിരുന്നത്.
ഇതോടെയാണ് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം അറിയിച്ചത്. ഭരണകക്ഷിയിലെ അംഗങ്ങളും പ്രതിഷേധം രേഖപ്പെടുത്തി. സഭ ബഹളത്തിൽ മുങ്ങിയതോടെ മിനിറ്റ്സിൽ തിരുത്തൽ വരുത്തിയതായി സെക്രട്ടറി സമ്മതിച്ചതായി എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ പ്രദീപ് മാമ്മൻ പറഞ്ഞു.
മിനിറ്റ്സുകളിൽ വിജിലൻസ് പരിശോധന വേണം
നഗരസഭാ ചെയർപേഴ്സണായി അനു ജോർജ് ചുമതലയേറ്റതിനുശേഷമുള്ള എല്ലാ മിനിറ്റ്സുകളും വിജിലൻസിനെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് പ്രതിപക്ഷാംഗങ്ങൾ ഇന്നലെ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യം അടുത്ത കൗൺസിലിൽ ചർച്ച ചെയ്യാമെന്നും ഈ കൗൺസിലിന്റെ അജണ്ടകൾ ഇപ്പോൾ ചർച്ച ചെയ്യാമെന്നും സെക്രട്ടറി അറിയിച്ചു. ഇതേത്തുടർന്ന് പ്രതിപക്ഷ അംഗങ്ങളും അവരോടൊപ്പം ഭരണകക്ഷിയിലെ ചില അംഗങ്ങളും പ്രതിഷേധസ്വരമുയർത്തി കൗൺസിൽ ഹാളിനു പുറത്തേക്കു പോയി.
35 അംഗങ്ങളാണ് കൗൺസിൽ യോഗത്തിൽ പങ്കോടുത്തത്. ഇതിൽ യുഡിഎഫിലെ മൂന്ന് അംഗങ്ങളും എൽഡിഎഫിലെ മൂന്ന് അംഗങ്ങളും പ്രതിഷേധത്തിൽ പങ്കെടുക്കാതെ സഭയിൽ ഉണ്ടായിരുന്നു. ഇതോടെ കോറം തികയാതെ വന്നതോടെ കൗൺസിൽ പിരിച്ചുവിടുകയായിരുന്നു.
തുടർന്ന് സഭ വിട്ടിറങ്ങിയ അംഗങ്ങൾ നഗരസഭ കവാടത്തിനു മുന്നിൽ പ്രതിഷേധിച്ചു. വിജിലൻസ് അന്വേഷണം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് വരുംദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. അതേസമയം ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും സർക്കാർ നിയമം അനുസരിച്ചു മാത്രമേ തനിക്ക് പ്രവർത്തിക്കാൻ കഴിയൂവെന്നും ചെയർപേഴ്സൺ അനു ജോർജ് പറഞ്ഞു.