പിഎം റോഡ് സ്ഥലം ഏറ്റെടുത്തത് നീതിപൂർവമല്ല: ഭാരതീയ മനുഷ്യാവകാശ സമിതി
1458177
Wednesday, October 2, 2024 2:58 AM IST
പത്തനംതിട്ട: മലയോര ഹൈവേ ആയ പുനലൂർ - പൊൻകുന്നം റോഡ് നിർമാണവുമായി ബന്ധപ്പെട്ടു സ്ഥലം ഏറ്റെടുത്തതിലെ വിവേചനമായ നടപടികൾ നിർത്തിവയ്ക്കണമെന്ന് ഭാരതീയ മനുഷ്യാവകാശ സംരക്ഷണ സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഹൈവേയുടെ അലൈൻമെൻറ് പ്രകാരമുള്ള പ്രവൃത്തികൾ പൂർണമായിട്ടില്ല.
റോഡിന്റെ നിർമാണത്തിന് എല്ലാവിഭാഗം പൊതുജനങ്ങളും ഭൂമി വിട്ടുനൽകിയതാണ് . എന്നാൽ ഇതിൽ പക്ഷപാതത്വം കാട്ടുകയും പാവപ്പെട്ടവന്റെ ഭൂമി മനുഷ്യാവകാശ ലംഘനപരമായി ഏറ്റെടുക്കയുമായിരുന്നു. ഒന്നും രണ്ടും സെന്റുള്ള പാവപ്പെട്ടവരെ മാനസികമായി പീഡിപ്പിച്ച് ഒഴിപ്പിച്ചു. അവർക്കു നീതി ലഭിച്ചില്ലെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു.
ഇളകൊള്ളൂരിൽ ശില്പിയ വീടിനോടു ചേർന്ന പാറ റോഡ് വികസനത്തിന്റെ പേരിൽ പൊട്ടിക്കാൻ നീക്കമുണ്ട്. ഈ പാറ പൊട്ടിച്ചാൽ വീടിനു ബലക്ഷം ഉണ്ടാകുമെന്നുറപ്പാണ്. ആക്ഷൻ കമ്മറ്റി രൂപീകരിച്ച് സമര പരിപാടികൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചതായും അവർ പറഞ്ഞു.
തുല്യനീതി എല്ലാവർക്കും എന്ന മുദ്രാവാക്യമുയർത്തി പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കുമെന്നും ഭാവാഹികൾ പറഞ്ഞു. സംസ്ഥാന ചെയർമാൻ ആർ. രാധാകൃഷ്ണൻ, സുനിൽ എം. കാരാണി, കെ.എ. ലിജി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.