ഉത്രാടപ്പാച്ചിൽ, നാടെങ്ങും ഓണത്തിരക്ക്
1453179
Saturday, September 14, 2024 2:54 AM IST
പത്തനംതിട്ട: ഉത്രാടനാൾ എത്തിയതോടെ നാടെങ്ങും ഓണത്തിരക്ക്. വിപണികളും വീഥികളും ഏറെ സജീവമായ ദിനമായിരുന്നു ഇന്നലെ. ഓണത്തോടനുബന്ധിച്ച് സാധനങ്ങൾ വാങ്ങാനെത്തിയവരുടെ തിരക്കായിരുന്നു ഏറെയും.
വസ്ത്രവ്യാപാര ശാലകളിലാണ് തിരക്ക് ഏറെ ഉണ്ടായത്. പച്ചക്കറി കടകളിലും പൊതുമാർക്കറ്റിലും തിരക്ക് വർധിച്ചു. ഗൃഹോപകരണ സാധനങ്ങൾ വാങ്ങാനുള്ളവരുടെ തിരക്കും ഉണ്ടായി.
പൂക്കളം ഒരുക്കുന്നതിനായി പൂക്കൾ വാങ്ങാനുള്ള തിരക്കും ഏറെയുണ്ട്. ഇത്തവണ നാടൻ പൂക്കൾ എത്തിയിരുന്നതിനാൽ ചെണ്ടുമല്ലി ഉൾപ്പെടെയുള്ളവയുടെ വിപണനം പൂക്കടകളിൽ കുറവായിരുന്നു.
പഴം, പച്ചക്കറി വില്പനകൾക്കായി പ്രത്യേക സ്റ്റാളുകള ും തുറന്നിരുന്നു. ഓണസദ്യ കഴിക്കാനായി തൂശനില വരെ വിപണിയിൽ ലഭ്യമാണ്. റെഡിമെയ്ഡ് ഓണസദ്യകളുമായി ഭക്ഷണശാലകളും രംഗത്തുണ്ട്. പായസംതന്നെ വില്പന നടത്തുന്നവരുമുണ്ട്. ഓർഡർ നൽകിയാൽ ഇവയെല്ലാം വീടുകളിൽ എത്തിച്ചുകൊടുക്കാനും വിപണശാലകൾ തയാറാണ്.
ഉത്രാട നാളായ ഇന്നും തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. ഓണത്തോടനുബന്ധിച്ച് ആരംഭിച്ച വിപണന മേളകളും ഓണച്ചന്തകളും ഇന്ന് പൂർത്തിയാകും.
അതിജീവന സന്ദേശവുമായി എണ്ണൂറാംവയൽ സ്കൂളിലെ ഓണാഘോഷം
വെച്ചൂച്ചിറ: അതിജീവന സന്ദേശവുമായി പൂക്കളമൊരുക്കി വെച്ചൂച്ചിറ എണ്ണൂറാം വയൽ സിഎംഎസ് സ്കൂളിലെ വിദ്യാർഥികൾ. കേരളത്തെ നടുക്കിയ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആർഭാടമില്ലാത്ത ഓണാഘോഷമാണ് ഇത്തവണ വെച്ചൂച്ചിറ എണ്ണൂറാംവയൽ സിഎംഎസ് സ്കൂളിൽ. ഓണാഘോഷത്തിന്റെ ഭാഗമായി കുരുന്നുകൾ ഒരുക്കിയ പൂക്കളത്തിൽ വിരിഞ്ഞത് അതി ജീവനത്തിന്റെ വയനാട് ആയിരുന്നു.
അതിജീവനം അതിവേഗം വയനാട്ടിലെ കൂട്ടുകാർക്കായി എന്ന സന്ദേശമായിരുന്നു ഇത്തവണ എണ്ണൂറാംവയൽ സ്കൂളിലെ ഓണാഘോഷത്തിന്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാട് ചൂരൽ മലയിലും മുണ്ടക്കൈയിലും നടന്ന രക്ഷാപ്രവർത്തനങ്ങളും അതി ജീവനത്തിന്റെ നാൾ വഴികളുമായി കുട്ടികളൊരുക്കിയ പൂക്കളം ശ്രദ്ധേയമായി.
ഓണാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജയിംസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷൈനു ചാക്കോ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ഷാജി കൈപ്പുഴ, ഡോ. മനു എം.വർഗീസ്, വെച്ചൂച്ചിറ പോലീസ് സബ് ഇൻസ്പെക്ടർ സായി സേനൻ,
എം. ടി. മത്തായി, എം ജെ. കോശി, ഷൈനി ജോർജ്, ആഷിക് പടികപ്പറമ്പിൽ, മഞ്ജു രാജ്, അലീന ജോൺ, സെലിൻ പി. രാജൻ, ഷെൽബി ഷാജി, മെർലിൻ മോസസ്, അഖിൽ ഷാജി, എൻ ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.