ബിജെപി വിട്ടുനിന്നു; ചിറ്റാറിൽ സിപിഎം വൈസ് പ്രസിഡന്റിനെതിരേയുള്ള അവിശ്വാസം തള്ളി
1452920
Friday, September 13, 2024 3:05 AM IST
ചിറ്റാർ: സിപിഎമ്മുകാരിയായ വൈസ് പ്രസിഡന്റിനെതിരേ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ ബിജെപിയും വിട്ടുനിന്നു. വൈസ് പ്രസിഡന്റ് രവികല എബിക്കെതിരേയുള്ള അവിശ്വാസം തള്ളി.
13 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ കോൺഗ്രസ് ആറ്, സിപിഎം അഞ്ച്, ബിജെപി രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. ഇന്നലെ നടന്ന അവിശ്വാസ വോട്ടെടുപ്പിൽ സിപിഎം അംഗങ്ങൾക്കൊപ്പം ബിജെപി അംഗങ്ങളും വിട്ടുനിന്നു.
ഇതോടെ അവിശ്വാസം തള്ളി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം യുഡിഎഫിന് ആറു പേരുടെ പിന്തുണ ലഭിച്ചെങ്കിലും ഒരു കോൺഗ്രസ് അംഗം മറുകണ്ടം ചാടിയതോടെ ഇദ്ദേഹത്തെ പ്രസിഡന്റാക്കി എൽഡിഎഫ് ഭരണം പിടിച്ചിരുന്നു. പിന്നീടുനടന്ന നിയമയുദ്ധങ്ങൾക്കൊടുവിൽ കാലുമാറിയ അംഗത്തെ അയോഗ്യനാക്കിയശേഷം നടന്ന വാർഡ് തെരഞ്ഞെടുപ്പിൽ യുഡിഎഫാണ് വിജയിച്ചത്. ഇതോടെ ആറുപേരുടെ പിന്തുണയിൽ യുഡിഎഫ് ഭരണത്തിലെത്തി.
പ്രസിഡന്റായിരുന്ന സജി കുളത്തുങ്കൽ പുറത്തുപോയ സാഹചര്യത്തിൽ ഏറെക്കാലം വൈസ് പ്രസിഡന്റ് രവികല എബി ആക്ടിംഗ് പ്രസിഡന്റായി പ്രവർത്തിച്ചു. ഇക്കാലയളവിലെ അഴിമതികൾ ചൂണ്ടിക്കാട്ടിയാണ് അവിശ്വാസം അവതരിപ്പിച്ചതെന്ന് കോൺഗ്രസ് അംഗങ്ങൾ പറഞ്ഞു.
കഴിഞ്ഞ ജൂൺ 13നു നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ബിജെപി അംഗങ്ങൾ വിട്ടുനിൽക്കുകയായിരുന്നു.