കോന്നി മെഡിക്കൽ കോളജ് രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും
1452643
Thursday, September 12, 2024 3:08 AM IST
കോന്നി: സർക്കാർ മെഡിക്കൽ കോളജിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും. നടന്നുവരുന്ന നിർമാണ ജോലികൾ ഇക്കൊല്ലംതന്നെ പൂർത്തിയാക്കും. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ആശുപത്രി വികസന സൊസൈറ്റിയുടെ യോഗത്തിൽ ഇതുസംബന്ധിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകിയതായി കെ.യു. ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. കിഫ്ബിയിൽനിന്ന് അനുവദിച്ചിട്ടുള്ള 352 കോടി രൂപയുടെ നിർമാണ ജോലികളാണ് പുരോഗമിക്കുന്നത്.
കോന്നി മെഡിക്കല്‍ കോളജിനായി സൃഷ്ടിച്ച തസ്തികകളില്‍ ഉടന്‍ നിയമനം പൂര്‍ത്തിയാക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. ശബരിമല സ്പെഷൽ മെഡിക്കൽ കോളജ് എന്ന പരിഗണനയിൽ കൂടുതൽ ഡോക്ടർമാരെയും നഴ്സുമാരെയും ജീവനക്കാരെയും നിയമിക്കുന്നതിനും തീരുമാനിച്ചു.
പോസ്റ്റ്മോർട്ടം ഒക്ടോബറിൽ തുടങ്ങും
സിവില്‍ ജോലികള്‍ പൂര്‍ത്തിയായ മോർച്ചറിയിൽ ഒക്ടോബർ രണ്ടിന് പോസ്റ്റുമോർട്ടം ടേബിൾ സ്ഥാപിക്കും. പത്തിനു ഫ്രീസറുകളും സ്ഥാപിക്കാനാകും. ഒക്ടോബറിൽത്തന്നെ പോസ്റ്റുമോർട്ടം ആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
അക്കാഡമിക് ബ്ലോക്ക് പുതിയ കെട്ടിടം 30ന് പൂർത്തീകരിക്കും. നിർമാണം പൂർത്തിയായ കോളജ് കെട്ടിടത്തിന്റെ പുറംഭാഗത്തെ പെയിന്റിംഗ് മാത്രമാണ് ബാക്കിയുള്ളത്. 200 കിടക്കകളുള്ള ആറുനിലയിൽ നിർമിക്കുന്ന പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഡിസംബറോടെ ഇതു പൂർത്തീകരിക്കും. നിലവിൽ ആറ് നിലകളുടെയും നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്. പ്ലാസ്റ്ററിംഗ്, പ്ലംബിംഗ് പ്രവൃത്തികളാണ് പുരോഗമിക്കുന്നത്.
ക്വാർട്ടേഴ്സുകളും പ്രിൻസിപ്പലിന്റെ വീടും
ജീവനക്കാർക്കും ഡോക്ടർമാർക്കുമായുള്ള ക്വാർട്ടേഴ്സുകളിൽ 11 നിലവീതം ഉള്ള രണ്ട് ഫ്ളാറ്റുകളുടെ നിർമാണം പൂർത്തിയായി. 30ന് പുറംഭാഗത്തെ പെയിന്റിംഗ് പ്രവൃത്തികളും ആരംഭിക്കും. മറ്റ് രണ്ടു ഫ്ലാറ്റ് സമുച്ചയങ്ങളുടെ നിർമാണങ്ങളും ഡിസംബറിൽ പൂർത്തിയാകും.
മെഡിക്കൽ കോളജ് പ്രിൻസിപ്പലിനു താമസിക്കുന്നതിനുള്ള ഡീന്‍ വില്ലയുടെ നിർമാണവും പൂർത്തീകരിച്ചു. ലക്ഷ്യ നിലവാരത്തിൽ നിർമിക്കുന്ന ലേബർ റൂം, ഓപ്പറേഷൻ തിയറ്റർ എന്നിവയുടെ നിർമാണം അന്തിമഘട്ടത്തിലാണ്. ഒക്ടോബറോടെ ഗൈനക്ക് വിഭാഗത്തിന്റെ നിർമാണവും പൂർത്തീകരിക്കും.
നിലവിൽ നിർമാണം പൂർത്തീകരിച്ച ലേബർ ഒപിയിലേക്ക് പ്രവർത്തനം ക്രമീകരിച്ചിട്ടുണ്ട്. പ്രവേശന കവാടത്തിന്റെ പ്രധാന തൂണുകളുടെ നിർമാണം പൂർത്തീകരിച്ചു. ചുറ്റുമതിൽ നിർമാണം 50 ശതമാനം പൂർത്തിയായി.
800 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയത്തിന്റെയും എക്സാമിനേഷൻ ഹാളിന്റെയും പാർക്കിംഗ് ലോഞ്ചിന്റെയും നിർമാണം ഡിസംബറിൽ പൂർത്തിയാകും.
സ്കാനിംഗ്
സ്കാനിംഗ് സേവനങ്ങൾക്ക് തീയതി നൽകുന്നതിന് കൂടുതൽ സമയം ആവശ്യമായി വരുന്നതിനാൽ ജീവനക്കാരുടെ എണ്ണം വർധിപ്പിച്ച് നവംബർ ഒന്നു മുതൽ എക്സ്റേയുടെയും സിടി സ്കാനിംഗിന്റെയും പ്രവര്‍ത്തന സമയം ദീർഘിപ്പിക്കാൻ യോഗം നിർദേശിച്ചു. മോഡ്യുലാര്‍ ഓപ്പറേഷന് തിയറ്ററുകളുടെ നിർമാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഒക്ടോബർ 10ന് പൂർത്തീകരിക്കും.
ഇ-ഹെൽത്ത് സംവിധാനം ഏർപ്പെടുത്തി
ജനങ്ങൾക്ക് വീട്ടിലിരുന്നുകൊണ്ടുതന്നെ ഓൺലൈനായി ഒപി ടിക്കറ്റ് എടുക്കാനുള്ള സംവിധാനം കോന്നി മെഡിക്കൽ കോളജിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇ-ഹെൽത്ത് പോർട്ടൽ സംവിധാനം ഉപയോഗിച്ച് മൊബൈൽ ഫോൺ വഴിയും കംപ്യൂട്ടറുകൾ, അക്ഷയ സെന്ററുകൾ വഴിയും ഇനിമുതൽ കോന്നി മെഡിക്കൽ കോളജിലേക്ക് ഒപി ടിക്കറ്റ് എടുക്കാനാകും.
കൂടുതൽ സ്ഥലം ഏറ്റെടുക്കണം
മെഡിക്കല്‍ കോളജിന്റെ വികസനത്തിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് യോഗം നിർദേശിച്ചു. ഇതിനായി സൂപ്രണ്ട്, പ്രിൻസിപ്പൽ എന്നിവർ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശങ്ങൾ നൽകണം.
മെഡിക്കല്‍ കോളജിലേക്ക് കൂടുതല്‍ യാത്രാസൗകര്യം ഒരുക്കാനും എംഎൽഎ നിര്‍ദേശം നല്കി. മെഡിക്കൽ കോളജ് റോഡിന്റെ ഇരുവശവും വളർന്നുനിൽക്കുന്ന കാട് വെട്ടിത്തെളിക്കാൻ പൊതുമരാമത്ത് എൻജിനിയർക്ക് എംഎൽഎ നിർദേശം നൽകി.
യോഗത്തിൽ കെ.യു. ജനീഷ് കുമാർ എംഎൽഎ, ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണൻ, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സെസി ജോബ്, മെഡിക്കൽ സൂപ്രണ്ട് ഡോ. എ. ഷാജി, ആരോഗ്യമന്ത്രിയുടെ പ്രതിനിധി പി.ജെ. അജയകുമാർ,
എംപിയുടെ പ്രതിനിധി എസ്. സന്തോഷ് കുമാർ, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ വി.കെ. ജാസ്മിൻ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, നിർമാണ കന്പനി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.