തിരുവല്ലയിലെ ഗതാഗതപ്രശ്നങ്ങള്‍ക്കു പരിഹാര നിര്‍ദേശം
1451877
Monday, September 9, 2024 6:16 AM IST
തിരുവല്ല: നഗരത്തിലെ ഗതാഗത പ്രശ്നങ്ങള്‍ക്കു തിരുവല്ല താലൂക്ക് വികസനസമിതിയില്‍ പരിഹാര നിര്‍ദേശങ്ങളുയര്‍ന്നു. നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള നോ പാര്‍ക്കിംഗ് ബോര്‍ഡുകളും റോഡിനു നടുവിലായുള്ള ഡിവൈഡറുകളും 15 ദിവസങ്ങള്‍ക്കുള്ളില്‍ നീക്കം ചെയ്യണമെന്നും വികസന സമിതി തീരുമാനിച്ചു.
നഗരത്തിലെ പല നോ പാര്‍ക്കിംഗ് ബോര്‍ഡുകളെക്കുറിച്ചും അവ്യക്തത ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. ഇത്തരം ബോര്‍ഡുകള്‍ക്കു സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ പിഴ ഈടാക്കുന്നുണ്ട്. എന്നാല്‍ ബോര്‍ഡുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പോലീസോ മോട്ടോര്‍ വാഹനവകുപ്പോ തയാറായിട്ടില്ല. ഡിവൈഡറുകള്‍ പലതും റോഡിനു മധ്യഭാഗത്താണ്. ഇവയില്‍ പരസ്യം ഉണ്ടെങ്കിലും നഗരസഭയ്ക്ക് വരുമാനം ഇല്ലാത്ത സാഹചര്യത്തിലാണ് ഇവയും നീക്കം ചെയ്യാന്‍ തീരുമാനിച്ചത്.
പോസ്റ്റ് ഓഫീസ്-ബിഎസ്എന്‍എല്‍ റോഡ് വണ്‍വേ ആക്കുന്നതിനും മാവേലിക്കര ഭാഗത്തുനിന്നു വരുന്ന സ്വകാര്യ ബസുകള്‍ എസ്സി ജംഗ്ഷനില്‍നിന്നു വലത്തേക്കു തിരിയാതെ റെയില്‍വേ സ്റ്റേഷന് വഴി ബസ് സ്റ്റാന്‍ഡിലെത്താന്‍ ക്രമീകരണം വേണമെന്ന ആശ്യവുമുണ്ടായി.
നഗരത്തില്‍ രണ്ടു വര്‍ഷം മുമ്പ് ഉദ്ഘാടനം നടത്തിയ ഷീ ലോഡ്ജ് ഇതേവരെ തുറന്നു നല്‍കാത്തത് വൈദ്യുതി, വെള്ളം കണക്ഷനുകള്‍ ലഭിക്കാത്തതു കാരണമാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. 30നുള്ളില്‍ ഇവ രണ്ടും ലഭ്യമാക്കി ലോഡ്ജ് തുറക്കാനുള്ള നിര്‍ദേശവും യോഗത്തിലുണ്ടായി. പുനരുദ്ധാരണം നടക്കുന്ന പൊടിയാടി-മാന്നാര്‍ റോഡില്‍ പുളിക്കീഴ് ഭാഗത്ത് ഓട ഇല്ലാതെയാണ് നിര്‍മാണം നടക്കുന്നതെന്ന ആക്ഷേപമുണ്ടായി.
കവിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാര്‍ അധ്യക്ഷത വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി നൈനാന്, ഗ്രാപഞ്ചായത്ത് പ്രസിഡന്റുമാരായ ടി. പ്രസന്നകുമാരി, നിഷ അശോകന്, അനുരാധ സുരേഷ്, പഞ്ചായത്തംഗം സൂസമ്മ പൗലോസ്, തഹസില്‍ദാര്‍ സിനിമോള്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.