മല്ലപ്പള്ളി താലൂക്ക് ആശുപത്രി കെട്ടിടനിര്‍മാണം വേഗത്തിലാക്കണം
1451875
Monday, September 9, 2024 6:16 AM IST
മല്ലപ്പള്ളി: താലൂക്ക് ആശുപത്രിയുടെ കെട്ടിട നിര്‍മാണം വേഗത്തിലാക്കണമെന്ന ആവശ്യം താലൂക്ക് വികസനസമിതിയില്‍ ഉയര്‍ന്നു. എന്നാല്‍ വിഷയം കോടതിയുടെ പരിഗണനയിലായതിനാലാണു നിര്‍മാണം വൈകുന്നതെന്ന് മാത്യു ടി. തോമസ് എംഎല്‍എ വിശദീകരിച്ചു.
താലൂക്കിലെ ഹോട്ടലുകളിലും ഭക്ഷണ വിതരണ സ്റ്റാളുകളിലും ബേക്കറികളിലും ഭക്ഷ്യസുരക്ഷാ, ആരോഗ്യവകുപ്പുകളുടെ പരിശോധന കാര്യക്ഷമമാക്കണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. കല്ലൂപ്പാറ ജംഗ്ഷനില്‍ ഓടകള്‍ക്ക് നിര്‍മിച്ചിട്ടുള്ള സ്ലാബുകള്‍ 20നകം സ്ഥാപിക്കുമെന്ന് പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. ആനിക്കാട് വടക്കേമുറിക്കടവ് പാലം പുനര്‍നിര്‍മിക്കണമെന്നും പൊതുമരാമത്ത് റോഡുകളില്‍നിന്നും വീടുകളിലേക്ക് ജലഅഥോറിറ്റി കണക്ഷനായി റോഡിനു കുറുകെ കുഴിച്ച ചാലുകള്‍ നികത്തി സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യവും യോഗത്തിലുണ്ടായി.
തിരുവല്ല-മല്ലപ്പള്ളി റോഡില്‍ ഞാലിക്കണ്ടം-മടുക്കോലി റോഡ് സന്ധിക്കുന്ന മടുക്കോലി കവല അപകടമേഖലയാകുന്ന സാഹചര്യത്തില്‍ ബദല്‍ നടപടികള്‍ വേണം. മല്ലപ്പള്ളി ടൗണില്‍ ദിശാബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവുമുണ്ടായി.
ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജിജി മാത്യു, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. വത്സല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വിനീത് കുമാര്‍ (പുറമറ്റം), എസ്. വിദ്യാമോള്‍ (മല്ലപ്പള്ളി), ഡെപ്യൂട്ടി തഹസില്‍ദാര്‍ ഷിബു തോമസ്, വിവിധ രാഷ്ട്രീകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.