തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ്: വാര്‍ഡ് വിഭജനത്തിലെ ഭരണപക്ഷ ഇടപെടല്‍ ചെറുക്കുമെന്നു ഡിസിസി
1424916
Sunday, May 26, 2024 3:16 AM IST
പത്തനംതിട്ട: ത്രിതല പഞ്ചായത്ത്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ഭരണപക്ഷ ഉദ്യോഗസ്ഥസംഘത്തെ ഉപയോഗിച്ച് വാര്‍ഡ് വിഭജനം നടത്താന്‍ നീക്കം ഉണ്ടായാല്‍ രാഷ്ട്രീയമായും നിയമപരമായും ചെറുക്കുമെന്ന് ഡിസിസി നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലയിലെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ യോഗം മുന്നറിയിപ്പ് നല്കി.
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും വിശ്വാസത്തിലെടുത്ത് അവരുമായി കൂടിയാലോചിച്ച് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ ഓരോ വാര്‍ഡ് വീതം വര്‍ധിപ്പിക്കുന്ന രീതിയില്‍ വിഭജനം പാടുള്ളൂവെന്ന് യോഗം ആവശ്യപ്പെട്ടു.
2011 ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്ന ത്രിതല പഞ്ചായത്ത്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് മുമ്പായി വോട്ടര്‍പട്ടിക ശുദ്ധീകരിക്കുവാന്‍ തീവ്രവും കുറ്റമറ്റതുമായ സംവിധാനം ഒരുക്കണമെന്ന് നേതൃയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജൂണ്‍ നാലിനു നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ സംബന്ധിച്ച ക്രമീകരണങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, ജി. രഘുനാഥ്, കെ. ജാസിംകുട്ടി, റോജി പോള്‍ ഡാനിയേല്‍, ബ്ലോക്ക് പ്രസിഡന്റുമാരായ എസ്. ബിനു, സക്കറിയ വര്‍ഗീസ്, പ്രഫ. പി.കെ. മോഹന്‍രാജ്, ദീനാമ്മ റോയി, ആര്. ദേവകുമാര്‍, ജെറി മാത്യു സാം, എബി മേക്കരിങ്ങാട്ട്, സിബി താഴത്തില്ലെത്ത്, കെ. ശിവപ്രസാദ്, തെരഞ്ഞെടുപ്പ് വാര് റും കോ-ഓര്‍ഡിനേറ്റര്‍ എ. അബ്ദുള്‍ ഹാരിസ് എന്നിവര്‍ പ്രസംഗിച്ചു.
രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സംഘടനാ നേതൃത്വത്തില്‍ 31നു രാവിലെ 10ന് ജില്ലയിലെ കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ കണ്വന്ഷന് ചേരുന്നതിനും തീരുമാനിച്ചു.