പുതമണ്‍ താത്കാലികപാതയില് വെള്ളം കയറി; ഗതാഗതം നിരോധിച്ചു
1424915
Sunday, May 26, 2024 3:16 AM IST
പത്തനംതിട്ട: കോഴഞ്ചേരി മേലുകര-റാന്നി റോഡില്‍ സ്ഥിതി ചെയ്യുന്ന പുതമണ്‍ പാലം അപകടാവസ്ഥയിലായതിനെത്തുടര്‍ന്ന് നിര്‍മിച്ച താത്കാലിക പാതയില്‍ അതിതീവ്രമായ മഴയെത്തുടര്‍ന്ന് വെള്ളം കയറി. റോഡിന്റെ ഉപരിതലത്തില്‍ കൂടി ഒഴുകുന്നതിനാല്‍ അതുവഴിയുള്ള ഗതാഗതം ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. വാഹനങ്ങള്‍ പേരൂര്‍ച്ചാല്‍-ചെറുകോല്‍പ്പുഴ-റാന്നി റോഡുവഴി തിരിഞ്ഞുപോകാനാണ് നിര്‍ദേശം.
പുതമണ്‍ പാലത്തിന്റെ പുനര്‍നിര്‍മാണം വൈകുന്ന സാഹചര്യത്തിലാണ് താത്കാലിക പാത തുറന്നു നല്‍കിയത്. പുതമണ്‍ തോടിനു കുറുകെ വെള്ളം ഒഴുകിപ്പോകുന്നതിലേക്ക് റിംഗ് സ്ഥാപിച്ച് മണ്ണിട്ടുയര്‍ത്തിയാണ് റോഡ് നിര്‍മിച്ചത്. എന്നാല്‍ മഴ ശക്തമായതോടെ തോട്ടിലെ വെള്ളം കവിഞ്ഞ് റോഡിലൂടെ ഒഴുകാന്‍ തുടങ്ങി. ഇതോടെ റോഡിലൂടെയുള്ള യാത്ര അപകടാവസ്ഥയിലായതോടെയാണ് ഗതാഗതം നിരോധിച്ചത്.
മേലുകര-കീക്കൊഴൂര്‍ പാതയില്‍ ഇതോടെ വീണ്ടും ഗതാഗതം തടസപ്പെടുകയാണ്. ചെറുവാഹനങ്ങള്‍ മാത്രമേ പുതമണ്‍ പാലം വഴി കടത്തിവിടാനാകുകയുള്ളൂ. സ്കൂള്‍ തുറക്കുന്നതോടെ യാത്രാദുരിതം വീണ്ടും ഇരട്ടിക്കും.