കലാപൂരത്തിനു കേളികൊട്ട്
1376311
Wednesday, December 6, 2023 11:20 PM IST
മൈലപ്ര: ഏറെ വർഷങ്ങൾക്കുശേഷം മൈലപ്രയുടെ മണ്ണിലേക്ക് ജില്ലാ സ്കൂൾ കലോത്സവത്തിന്റെ തിരിച്ചുവരവ്. മൈലപ്രയിലെ വിദ്യാലയങ്ങളുടെ അങ്കണത്തിൽ കലാപൂരത്തിനു കേളികൊട്ടുയർന്നു. ഇനിയുള്ള മൂന്ന് ദിനങ്ങൾ നൃത്തച്ചുവടുകളും നാദ വിസ്മയ താളലയങ്ങളും ഈ നാടിന്റെ ഭാഗമാകും.
മൈലപ്ര മൗണ്ട് ബഥനി എച്ച്എസ്എസ് അങ്കണത്തിലെ പ്രധാന വേദിയിൽ കെ.യു. ജനീഷ് കുമാർ എംഎൽഎ ജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്തു. മൈലപ്രയിലെ വിവിധ സ്കൂളുകളിലും ഓഡിറ്റോറിയങ്ങളിലുമായി 11 വേദികളിലായാണ് കലാപരിപാടികള്‍ അരങ്ങേറുന്നത്.
ഉദ്ഘാടന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ അധ്യക്ഷത വഹിച്ചു. പ്രമോദ് നാരായൺ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാകളക്ടര്‍ എ. ഷിബു സുവനീര്‍ പ്രകാശനം ചെയ്തു. ലോഗോ തയാറാക്കിയ കലഞ്ഞൂര്‍ ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥി അശ്വിന് എസ്. കുമാറിനു കളക്ടര്‍ സമ്മാനം നല്കി. കലാമത്സരം ഉദ്ഘാടനം കഥാകൃത്തായ ജേക്കബ് ഏബ്രഹാം നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആര്. അജയകുമാര്‍, റോബിന് പീറ്റര്‍, ജിജോ മോഡി, ബ്ലോക്ക് പഞ്ചായത്ത് അംഗം എല്‍സി ഈശോ, മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി. രാജു, സ്കൂൾ പ്രിൻസിപ്പൽ ഫാ. മനു വർഗീസ് ഒഐസി, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.