പ്രഖ്യാപനങ്ങള്‍ വരും, പോകും ആ"ശങ്ക'യ്ക്കു മാത്രം പരിഹാരമില്ല
1374206
Tuesday, November 28, 2023 11:18 PM IST
പത്തനംതിട്ട: പൊതുനിരത്തുകളിലും പ്രധാന ടൗണുകളിലും സ്ഥാപിക്കപ്പെട്ട വഴിയിടങ്ങളും പൊതുശൗചാലയങ്ങളും നോക്കുകുത്തിയായി. ബസ് സ്റ്റാന്‍ഡുകളിലും വഴിയോരങ്ങളിലും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ആരംഭിച്ച ശൗചാലയങ്ങളുടെ നിര്‍വഹണച്ചുമതല തദ്ദേശ സ്ഥാപനങ്ങളും ഏറ്റെടുക്കുന്നില്ല. വഴിയിടങ്ങള്‍, ടേക്ക് എ ബ്രേക്ക് തുടങ്ങിയ പേരുകളിലാണ് ഇത്തരം സ്ഥാപനങ്ങള്‍ ആരംഭിച്ചത്.
മുഖ്യമന്ത്രിയുടെ 11 ഇന പരിപാടിയില്‍ ഉള്‍പ്പെടുത്തി എല്ലാ ഗ്രാമപഞ്ചായത്തുകളിലും വഴിയിടം ആരംഭിക്കാന്‍ നിര്‍ദേശമുണ്ടായതാണ്. രണ്ടുവര്‍ഷം മുമ്പ് പണികഴിപ്പിച്ച ഇത്തരം കേന്ദ്രങ്ങള്‍ ഇപ്പോള്‍ പൊതുനിരത്തുകളില്‍ നോക്കുകുത്തിയാണ്. പലതും തുറന്നുനല്‍കിയില്ല.
വൈദ്യുതിയില്ല, വെള്ളമില്ല തുടങ്ങിയ കാരണങ്ങള്‍ നിരത്തി ചില പഞ്ചായത്തുകളില്‍ ഇവ അടച്ചിട്ടിരിക്കുകയാണ്. ചിലയിടങ്ങളില്‍ തുറന്നതു താമസിയാതെ അടച്ചുപൂട്ടി. പൊതുനിരത്തുകളില്‍ സ്ഥാപിച്ച ഇത്തരം കേന്ദ്രങ്ങളോടനുബന്ധിച്ച ബാത്ത് റൂം ഉപകരണങ്ങള്‍ നശിപ്പിക്കപ്പെട്ട നിലയിലുമാണ്.
സര്‍ക്കാര്‍ ധനസഹായത്തോടെയാണ് തദ്ദേശസ്ഥാപനങ്ങളില്‍ വഴിയിടങ്ങള്‍ തുറന്നത്. ടേക്ക് എ ബ്രേക്കും വഴിയിടങ്ങളും ആരംഭിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കു പ്രത്യേക ഫണ്ട് സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതുപയോഗിച്ച് സംരംഭങ്ങള്‍ പൂര്‍ത്തിയാക്കാനാകാത്തതാണ് തദ്ദേശസ്ഥാപനങ്ങളെ വലച്ചത്.
ശുചിമുറി നിര്‍മാണം മുടങ്ങി
മല്ലപ്പള്ളിപഞ്ചായത്ത് ബസ് സ്റ്റാന്‍ഡിലെ ശുചിമുറി നിര്‍മാണം മുടങ്ങി. നിര്‍മാണത്തിനായി പുതിയ പദ്ധതി തയാറാക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും കെട്ടിടം പൂര്‍ത്തിയായില്ല. നിലവില്‍ ഒരു ശുചിമുറി ബസ് സ്റ്റാന്‍ഡില്‍ ഉണ്ടെങ്കിലും യാത്രക്കാരുടെ തിരക്കില്‍ ഇതു പര്യാപ്തമല്ല.
ശുചിത്വമിഷനില്‍നിന്ന് 34 ലക്ഷം രൂപ ചെലവഴിച്ചിട്ടുള്ള കെട്ടിടം നിര്‍മിക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തത്. ഒറ്റനിലയിലുള്ള ശുചിമുറി കെട്ടിടം നിര്‍മിക്കാനായിരുന്നു പദ്ധതി. ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായ രീതിയിലുള്ള ശുചിമുറിയും ഉള്‍പ്പെടുത്തിയിരുന്നു. ഫീഡിംഗ് റൂമും കെട്ടിടത്തിന്റെ ഒരു ഭാഗത്ത് ലഘുഭക്ഷണശാലയും ഉള്‍പ്പെടെയാണ് വിഭാവനം ചെയ്തത്.
പദ്ധതികള്‍ക്കു പഞ്ഞമില്ല
വിമാനത്താവളങ്ങളിലേതിനു സമാനമായ ശുചിമുറി നിര്‍മിക്കുന്നതിനു 2016-17ല്‍ 1.7 കോടി രൂപ വകയിരുത്തിയെങ്കിലും അതു നടപ്പിലായില്ല. 2019ല്‍ ഭരണാനുമതിയും ലഭിച്ചു. കെട്ടിടസമുച്ചയം നിര്‍മിക്കുന്നതിനായി കണ്ടെത്തിയ സ്ഥലത്തോടു ചേര്‍ന്നുണ്ടായിരുന്ന വ്യാപാരസ്ഥാപനങ്ങള്‍ ഒഴിപ്പിച്ചതിനുശേഷം മണ്ണിന്റെ ഉറപ്പു പരിശോധനയും നടന്നിരുന്നു.
785 ചതുരശ്ര അടിയുള്ള കെട്ടിടം ഹാബിറ്റാറ്റിന്റെ രൂപകല്പനയ്ക്കൊപ്പം നിര്‍മാണം നടത്തുമെന്നായിരുന്നു പ്രഖ്യാപനം.ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ സ്ഥാപിച്ച ഇ-ടോയ്ലറ്റും നോക്കുകുത്തിയായി കിടക്കുകയാണ്. പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ ശുചിമുറിക്കായി പദ്ധതികള്‍ ഏറെ തയാറാക്കിയെങ്കിലും അസൗകര്യങ്ങള്‍ ഇപ്പോഴും ഏറെയാണ്. നിലവിലുള്ള ശുചിമുറിയോടു ചേര്‍ന്നാണ് പുതിയതിനും ശിപാര്‍ശ ചെയ്തത്.