വയോജനദിനത്തില്‍ ശോശാമ്മയ്ക്ക് ആദരം
1339802
Sunday, October 1, 2023 11:43 PM IST
പത്തനംതിട്ട: നൂറ്റിയൊന്നുകാരി ശോശാമ്മ സക്കറിയയെ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ വീട്ടിലെത്തി ആദരിച്ചു. ലോക വയോജന ദിനത്തോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശപ്രകാരമാണ് നൂറ്റിയൊന്നു വയസുള്ള ശോശാമ്മയ്ക്കു കളക്ടറുടെ ആദരം ലഭിച്ചത്.
100 വയസു കഴിഞ്ഞ വോട്ടര്‍മാരെ ആദരിക്കുന്നതിന്റെ ഭാഗമായാണിത്. ചന്ദനപ്പള്ളി കോട്ടപ്പുറത്ത് വീട്ടില്‍ ശോശാമ്മ സക്കറിയ (101) യുടെ വീട്ടില്‍ കളക്ടറും ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ ആര്. രാജലക്ഷ്മിയും ഇന്നലെ രാവിലെ നേരിട്ടെത്തുകയായിരുന്നു.
കളക്ടറെ കണ്ടപ്പോള്‍ ശോശാമ്മയ്ക്കും എന്തെന്നില്ലാത്ത സന്തോഷം. കെട്ടിപ്പിടിച്ചും ഉമ്മവച്ചും അനുഗ്രഹിച്ചും അവര്‍ സന്തോഷം പങ്കുവച്ചു.തന്റെ നൂറു വര്‍ഷത്തെ അനുഭവങ്ങള്‍ ചിരിച്ചും ചിന്തിപ്പിച്ചും അമ്മ പറഞ്ഞു കൊണ്ടേയിരുന്നു. കൗതുകത്തോടെ കളക്ടര്‍ അതു കേട്ടിരുന്നു.
മൂന്നു മക്കൾ, അവരുടെ മരുമക്കള്‍, അഞ്ചു കൊച്ചു മക്കൾ, അവരുടെ മക്കള്‍ എന്നിങ്ങനെ നാലു തലമുറയെ കണ്ടു ജീവിതം തുടരുകയാണ് ശോശാമ്മ. ഭര്‍ത്താവ് ചാക്കോ സക്കറിയ മരിച്ചു.
പൊന്നാട അണിയിച്ച് ആദരിച്ച കളക്ടര്‍ ശോശാമ്മയോടെപ്പം കേക്കുമുറിച്ച് മധുരവും പങ്കിട്ടു.
അടൂര്‍ തഹസീല്‍ദാര്‍ ജോണ്‍ സാം, ഡെപ്യൂട്ടി തഹസീല്‍ദാര്‍ സജീവ്, വില്ലേജ് ഓഫീസര്‍ ജോസഫ് ജോര്‍ജ്, ബിഎല്‍ഒ വി. ബീന, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.