പത്തനംതിട്ട: കുടുംബശ്രീയുടെ രജതജൂബിലിയോടനുബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ കുടുംബശ്രീ നടപ്പിലാക്കുന്ന സ്കൂളിലേക്കുതിരികെ എന്ന ശാക്തീകരണ പരിപാടിക്ക് ഇന്നു തുടക്കമാകും.
ജില്ലയിലെ 52 സിഡിഎസുകളിലും അംഗങ്ങൾ ഇന്ന് സ്വന്തം വിദ്യാലയങ്ങളിൽ പഠിതാക്കളായി തിരികെ എത്തുമെന്നു കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓര്‍ഡിനേറ്റര്‍ എസ്. ആദില പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഓരോ സിഡിഎസ് പരിധിയിലും തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലേക്കാണ് കുടുംബശ്രീ അംഗങ്ങൾ പഠിതാക്കളായി എത്തുന്നത്. രാവിലെ 9.30 മുതൽ 4.30 വരെയാണ് ക്ലാസ് സമയം. 9.45 മുതൽ 9.55 വരെ അസംബ്ലിയാണ്.
ഇതിൽ കുടുംബശ്രീയുടെ മുദ്രാഗീതം ആലപിക്കും. അതിനു ശേഷം ക്ലാസുകൾ ആരംഭിക്കും. ഉച്ചയ്ക്ക് മുമ്പ് പതിനഞ്ച് മിനിറ്റ് ഇടവേളയുണ്ട്. 12.45 മുതൽ 1.45 വരെയാണ് ഉച്ചഭക്ഷണത്തിനുളള സമയം.
എല്ലാവരും ഒരുമിച്ചിരുന്നാകും ഭക്ഷണം കഴിക്കുക. കൂടാതെ ഈ സമയത്ത് ചെറിയ കലാപരിപാടികളും നടത്തും. ഓരോ പീരിയഡ് കഴിയുമ്പോഴും ബെല്ലടിക്കും. ഉച്ചഭക്ഷണം, കുടിവെള്ളം, സ്നാക്സ്, സ്കൂൾ ബാഗ്, സ്മാർട്ട് ഫോൺ, ഇയർഫോൺ എന്നിവ കുടുംബശ്രീ വിദ്യാർഥിനികൾ തന്നെയാണ് കൊണ്ടുവരേണ്ടത്. താത്പര്യമുളള അയൽക്കൂട്ടങ്ങൾക്ക് യൂണിഫോമും ധരിക്കാം.
ഓമല്ലൂരിൽ
ഓമല്ലൂർ: കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ ഇന്ന് പന്ന്യാലി ഗവൺമെന്റ് യുപി സ്കൂളിൽ പഠന ക്ലാസുകൾ ക്രമീകരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ ഫ്ലാഗ് ഓഫ് ചെയ്ത് കാന്പയിൻ ഉദ്ഘാടനം ചെയ്യും.
പന്ന്യാലി വാർഡിലെ 13 അയൽക്കൂട്ടങ്ങളിലെ 179 കുടുംബശ്രീ അംഗങ്ങൾക്കായിട്ടാണ് ആദ്യദിനം ക്ലാസുകൾ ക്രമീകരിച്ചിട്ടുള്ളത്.
വിളംബരജാഥ ഫ്ലാഗ്ഓഫ് ചെയ്തു
പത്തനംതിട്ട: നഗരസഭാ കുടുംബശ്രീ സിഡിഎസ് നേതൃത്വത്തിൽ നടക്കുന്ന തിരികെ സ്കൂളിലേക്ക് പരിപാടിയുടെ വിളംബരജാഥ സംഘടിപ്പിച്ചു. ജാഥ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിരമണിയമ്മ ഫ്ളാഗ്ഓഫ് ചെയ്തു.
ഇന്ന് പ്രവേശനോത്സവത്തോടു കൂടിയാണ് കാമ്പയിൻ ആരംഭിക്കുന്നത്. നഗരത്തിലെ എല്ലാ കുടുംബശ്രീ അംഗങ്ങളും തിരികെ സ്കൂളിൽ കാമ്പയിന്റെ ഭാഗമാകും. പത്തനംതിട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് നഗരസഭാതല പരിശീലനം.
നഗരസഭാ കൗൺസിലർ വിമല ശിവൻ, സിഡിഎസ് ചെയർപേഴ്സൺ പൊന്നമ്മ ശശി, വൈസ് ചെയർപേഴ്സൺ ടീന സുനിൽ, മെംബർ സെക്രട്ടറി മിനി സന്തോഷ്, എൻയുഎൽഎം സിറ്റി മിഷൻ മാനേജർ സുനിത തുടങ്ങിയവർ പ്രസംഗിച്ചു.
കോഴഞ്ചേരിയിൽ
കോഴഞ്ചേരി: ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ തിരികെ സ്കൂളിലേക്ക് ശില്പശാലയുടെ വിളംബരജാഥ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സുരേഷ് ഉദ്ഘാടനം ചെയ്തു.
സിഡിഎസ് ചെയർപേഴ്സൺ സുധ ശിവദാസ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമിത ഉദയകുമാർ, പഞ്ചായത്തംഗം ഗീതു മുരളി, സിഡിഎസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
റാന്നിയിൽ
റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ "തിരികെ സ്കൂളിലേക്ക്' കാന്പയിന്റെ ഭാഗമായി വിളംബരറാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽ കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചാക്കോ വളയനാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബിജി വർഗീസ്, മെംബർമാരായ റൂബി കോശി, ജിജി വർഗീസ്, ഡിപിഎം സനീഷ്, മിഷാരാജ്, എസ്. അശ്വതി, വിജിതാ സോമൻ, സാറാമ്മ ജോൺ, രജനി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലയിൽ 1.62 ലക്ഷം പഠിതാക്കൾ
പത്തനംതിട്ട ജില്ലയിലെ 10,647 അയൽക്കൂട്ടങ്ങളിലായി 1,62,321 അംഗങ്ങളാണ് സ്കൂളിലെ പഠിതാക്കളായി എത്തുന്നത്. പരിശീലനം ലഭിച്ച 746 റിസോഴ്സ് പേഴ്സൺമാരാണ് ക്ലാസുകളിൽ അധ്യാപകരായി എത്തുന്നത്.
കാന്പയിൻ ആരംഭിക്കുന്ന ഇന്നു ജില്ലയിലെ 52 സിഡിഎസുകളിലായി 52 സ്കൂളുകളിൽ ക്ലാസ് നടക്കും. മൂന്ന് സിഡിഎസുകളിൽ നാളെയും മറ്റുസ്ഥലങ്ങളിൽ എട്ടിനുമാണ് ക്ലാസുകൾ ക്രമീകരിക്കുന്നത്.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം അടൂർ ബോയ്സ് ഹൈസ്കൂളിൽ രാവിലെ 9.30ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഫ്ളാഗ് ഓഫ് ചെയ്തു നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ എന്നിവർ പങ്കെടുക്കും.
ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.ആർ. അനുപ, ടി. ഇന്ദു, കെ. ബിന്ദു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.