രാജ്യത്ത് ബിജെപിയുടെ വളർച്ചയ്ക്കു കളമൊരുക്കിയത് കോൺഗ്രസ്: പിണറായി വിജയൻ
1339460
Saturday, September 30, 2023 11:06 PM IST
തിരുവല്ല: രാജ്യത്തു ബിജെപിയെ അധികാരത്തിലെത്തിക്കാൻ കോൺഗ്രസ് വഴിയൊരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. എൻആർഇജി വർക്കേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
രണ്ടാം യുപിഎ ഭരണകാലത്ത് കോൺഗ്രസ് നടപ്പിലാക്കിയ ജനദ്രോഹ നടപടികളും അഴിമതിയുമാണ് ബിജെപിയെ സഹായിച്ചത്. സാമ്പത്തിക കാര്യങ്ങളിൽ ബിജെപിയും കോൺഗ്രസും ഒരേ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
കോൺഗ്രസ് ഭരണകാലത്ത് സാമ്പത്തികമായി ജനങ്ങളെ ദ്രോഹിച്ചതിന്റെ പതിന്മടങ്ങാണ് ബിജെപി സർക്കാർ ഇപ്പോൾ സാമ്പത്തിക നയത്തിലൂടെ ജനങ്ങളെ ദ്രോഹിക്കുന്നത്. ബിജെപി സർക്കാർ സാമ്പത്തിക നയം നടപ്പിലാക്കിയതോടെ രാജ്യം കൂടുതൽ ദരിദ്രമായി മാറി.
നമ്മുടെ സംസ്ഥാനത്തോടു വലിയ അവഗണനയാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇതുമൂലം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. നേരത്തെ കേന്ദ്രത്തിൽനിന്നുള്ള വിഹിതം എട്ടു ശതമാനം ഉണ്ടായിരുന്നത് ഇപ്പോൾ 1.9 ശതമാനമായി കുറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .
സംസ്ഥാന പ്രസിഡന്റ് ഗിരിജ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എം.ബി. രാജേഷ്, വീണാ ജോർജ്, കെ.യു. ജനീഷ് കുമാർ എംഎൽഎ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ, ആർ. സനൽ കുമാർ, മുൻഎംഎൽഎ രാജു ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.
സമ്മേളനത്തിനു മുന്നോടിയായി എൻആർജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ റാലിയും തിരുവല്ലയിൽ നടന്നു.