ഇന്ന് ലോക ടൂറിസം ദിനം വരട്ടെ പഠിക്കട്ടെ, ഗ്രാമ സൗന്ദര്യം...
1338480
Tuesday, September 26, 2023 10:41 PM IST
പത്തനംതിട്ട: ഫയലിൽ ഉറങ്ങി ഗ്രാമീണ ടൂറിസം വികസന പദ്ധതികൾ. ഒരു പഞ്ചായത്തിൽ രണ്ട് ടൂറിസം കേന്ദ്രങ്ങളെങ്കിലും വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഏറ്റെടുത്ത ഗ്രാമീണ ടൂറിസം പദ്ധതിയിൽ ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുള്ളത് കോന്നി നിയോജക മണ്ഡലത്തിൽ മാത്രം.
സംസ്ഥാന ടൂറിസം വകുപ്പ് ഒരുവർഷം മുന്പ് നൽകിയ നിർദേശങ്ങൾ പ്രകാരം ഗ്രാമീണ ടൂറിസം കേന്ദ്രങ്ങളുടെ വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികൾക്ക് മുൻഗണന എന്നതായിരുന്നു നയം. ഇതിന്റെ അടിസ്ഥാനത്തിലുള്ള പദ്ധതികൾ തയാറാക്കി സമർപ്പിക്കാനാണ് നിയോജക മണ്ഡലാടിസ്ഥാനത്തിൽ നിർദേശമുണ്ടായത്.
സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന തരത്തിലുള്ള കേന്ദ്രങ്ങളുടെ വികസനമാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. ഗ്രാമീണ സംസ്കാരവുമായി ചേർന്നുകൊണ്ട് സഞ്ചാരികളെ ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് കൊണ്ടുവരികയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ടായി.
ജില്ലയിൽ ഇതുമായി ബന്ധപ്പെട്ട് അനന്ത സാധ്യതകൾ തുറക്കപ്പെട്ടുവെങ്കിലും ആകർഷണീയമായ പദ്ധതികൾ തയാറാക്കി നൽകുന്നതിൽ തദ്ദേശസ്ഥാപനങ്ങൾ താത്പര്യം കാട്ടിയിട്ടില്ല.
അരുവികൾ, പാലങ്ങൾ, വെള്ളച്ചാട്ടം
സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന അരുവികളും വെള്ളച്ചാട്ടങ്ങളും പത്തനംതിട്ട ജില്ലയുടെ സന്പന്നതയാണ്. പെരുന്തേനരുവി അടക്കം ചെറുതും വലുതുമായ നിരവധി വെള്ളച്ചാട്ടങ്ങൾ ജില്ലയിലുണ്ട്. ഇവിടങ്ങളിലേക്ക് നിരവധിയാളുകൾ ഇപ്പോഴും എത്തുന്നുണ്ട്.
എന്നാൽ പല സ്ഥലങ്ങളിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് പ്രശ്നം. വനമേഖലയുമായി ബന്ധപ്പെട്ട് ഇത്തരം വെള്ളച്ചാട്ടങ്ങളുടെ സന്പന്നതയുണ്ട്. നദികൾ ഏറെയുള്ള ജില്ലയിൽ പാലങ്ങളുമായി ബന്ധപ്പെട്ടുള്ള ടൂറിസം സാധ്യത മന്ത്രി മുഹമ്മദ് റിയാസ് തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.
പാലങ്ങളുടെ ചുറ്റുവട്ടങ്ങൾ അലങ്കരിക്കുകയും സഞ്ചാരകൾക്ക് സെൽഫി പോയിന്റ് ഒരുക്കുകയും ചെയ്യുകയെന്ന നിർദേശമാണ് മന്ത്രി നൽകിയത്.
കാർഷിക ടൂറിസം
ജില്ലയുടെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട ടൂറിസത്തിനുള്ള സാധ്യതയും വിവിധ പഠന റിപ്പോർട്ടുകളിലുള്ളതാണ്. ഗ്രാമീണ മേഖലകളിൽ ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നായിരുന്നു നിർദേശം. കാർഷിക മേഖലയെ സംബന്ധിച്ച് കൂടുതൽ പഠിക്കാനും മറ്റുമായി സൗകര്യങ്ങൾ ചെയ്തു കൊടുത്താൽ ഇതു വളർത്തിയെടുക്കാം.
കുളനടയിലെ പോളച്ചിറയിൽ തയാറാക്കിയ അക്വാ അഡ്വഞ്ചർ ടൂറിസം പദ്ധതി അടക്കം ഈ മേഖലയിലേക്കുള്ള ചുവടുവയ്പായിരുന്നു. അപ്പർ കുട്ടനാട് മേഖലയിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി ബോട്ടിംഗ് അടക്കമുള്ള ക്രമീകരണങ്ങളും നെൽകൃഷിയെ മാത്രം ആശ്രയിക്കുന്ന മേഖലയിലേക്ക് പുതിയ ഒരു ചുവടുവയ്പാക്കി മാറ്റാം.
തീർഥാടന ടൂറിസം
ശബരിമല അടക്കം വിശ്വപ്രസിദ്ധങ്ങളായ തീർഥാടന കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിലേക്ക് എത്തുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഇതിലൂടെയുള്ള ടൂറിസം ാധ്യതകളാണ് ഏറെക്കാലമായി ചർച്ച ചെയ്യപ്പെടുന്നത്.
ശബരിമല തീർഥാടനകാലത്ത് എത്തുന്നവരെ പ്രധാനപ്പെട്ട ഇതര ആരാധനാലയങ്ങളിലേക്കും ടൂറിസം കേന്ദ്രങ്ങളിലേക്കും എത്തിക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്.
മാരാമൺ, മഞ്ഞനിക്കര, പരുമല, ചെറുകോൽപ്പുഴ തുടങ്ങി തീർഥാടകർ സംഗമിക്കുന്ന ഇതര സ്ഥലങ്ങളുമായി ബന്ധപ്പെടുത്തിയും പദ്ധതികൾ നിർദേശിക്കപ്പെട്ടതാണ്.
ഹരിത ടൂറിസം
പച്ചപ്പും മലനിരകളും ഏറെയുള്ള പത്തനംതിട്ട ജില്ലയിൽ ഹരിത ടൂറിസത്തിന്റെ സാധ്യതയും ജില്ലയിൽ പരിഗണിക്കപ്പെട്ടതാണ്. ഇതനുസരിച്ച് ഗവി, അടവി ഇക്കോ ടൂറിസം, കോന്നി ആനക്കൂട്, പെരുന്തേനരുവി എന്നിവ ഹരിതവിനോദ സഞ്ചാര കേന്ദ്രങ്ങളായും തെരഞ്ഞെടുത്തിട്ടുണ്ട്. ജില്ലയിൽ നിലവിൽ സഞ്ചാരികൾ ഏറെ എത്തുന്ന സ്ഥലങ്ങളാണിവ.
വനമേഖലയാൽ സന്പന്നമായ പത്തനംതിട്ട ജില്ലയിൽ ട്രക്കിംഗ് സാധ്യതകളും പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ജംഗിൾ സഫാരി പോലെയുള്ള പദ്ധതികൾക്കും സാധ്യത വർധിച്ചുവരുന്നുണ്ട്.
പദ്ധതികൾ ഫയലുകളിലൊതുക്കി
ജില്ലയ്ക്കുവേണ്ടി തയാറാക്കിയ ടൂറിസം പദ്ധതികൾ പൂർണമായി ഫയലുകളിൽ ഉറങ്ങിയെന്നതാണ് പത്തനംതിട്ട അനുഭവിക്കുന്ന ദുര്യോഗം.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ വർഷങ്ങൾക്കു മുന്പേ തയാറാക്കിയ പദ്ധതികൾ പോലും വെളിച്ചം കണ്ടിട്ടില്ല. ഡിടിപിസി ലക്ഷങ്ങൾ മുടക്കിയ പല പദ്ധതികളും പാതിവഴിയിൽ നിലച്ച മട്ടാണ്.
കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും സഞ്ചാരികൾക്കായി തുറന്നു കൊടുക്കാനാകാത്ത സാഹചര്യവുമുണ്ട്. പത്തനംതിട്ടയുടെ ടൂറിസം സാധ്യതകളിലേക്ക് കൃത്യമായ ഒരു വിവരണം ഇന്നും ഡിടിപിസിക്ക് നൽകാനാകുന്നില്ല.
ജില്ലയിൽ ഗ്രാമീണ ടൂറിസത്തിന് സാധ്യതകൾ
പത്തനംതിട്ട ജില്ലയിലെ ഗ്രാമീണ അന്തരീക്ഷം പ്രയോജനപ്പെടുത്തി ഉത്തരവാദിത്വ ടൂറിസത്തിനുള്ള സാധ്യത വിപുലമാണ്. ജീവിതരീതിയും ശൈലിയും കലാരൂപങ്ങളും നാട്ടറിവുകളും ഉത്സവങ്ങളും ആഘോഷങ്ങളും നാടൻ ഭക്ഷണവുമെല്ലാം ഗ്രാമീണ ടൂറിസത്തിന്റെ സാധ്യതയാണ്. സാംസ്കാരിക സന്പന്നമായ പത്തനംതിട്ട ജില്ലയുടെ ഗ്രാമീണ അന്തരീക്ഷത്തിലേക്ക് ടൂറിസത്തിന്റെ അനന്ത സാധ്യതകളാണ് തുറക്കപ്പെടാനുള്ളത്.
പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ടൂറിസം വകുപ്പിനെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനെയും പൂർണമായി ഒരു പ്രഫഷണൽ സ്ഥാപനമായി വളർത്തിയെങ്കിൽ മാത്രമേ വിനോദ സഞ്ചാരം ഈ നിലയിൽ വിജയിക്കുകയുള്ളൂ.
നിലവിൽ സാങ്കേതിക പരിജ്ഞാനവും വകുപ്പുകളുമായുള്ള ഏകോപനവും ജില്ലാതലത്തിൽ ഉണ്ടായെങ്കിൽ മാത്രമേ ഗുണപരമായ മാറ്റം ടൂറിസം രംഗത്ത് ഉണ്ടാക്കാൻ കഴിയൂ. പൈതൃക കലാരൂപങ്ങൾ പ്രോത്സാഹിപ്പിക്കുകയും അന്യംനിന്നു പോകുന്ന കലകൾ പുതുതലമുറയ്ക്ക് പകർന്നു നൽകുകയും ചെയ്യുന്ന സ്ഥിരം പരിപാടികൾ ഇതിനായി ആവശ്യമുണ്ട്.
വിനോദ സഞ്ചാരവും ഹരിത നിക്ഷേപവും
ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് ഇന്നും നാളെയും സൗദി അറേബ്യയിലെ റിയാദിൽ നടക്കുന്ന ടൂറിസം സംഘടനയുടെ സമ്മേളനം വിനോദ സഞ്ചാരവും ഹരിത നിക്ഷേപവും എന്ന വിഷയമാണ് ചർച്ച ചെയ്യുന്നത്.
വിനോദ സഞ്ചാരത്തെത്ത കോവിഡ് മഹാമാരിക്കുശേഷം പുനർജീവിപ്പിക്കാനും ഭാവി വളർച്ചയ്ക്കും വികസനത്തിനും മുൻഗണന നൽകിയാണ് ചർച്ച വിഷയം രൂപപ്പെടുത്തിയത്. അതിനാൽ മുൻഗണന ലക്ഷ്യമുള്ള മേഖലകളിൽ നിക്ഷേപം നടത്തുക, വിദ്യാഭ്യാസത്തിലും സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിക്ഷേപം നടത്തേണ്ടതിന്റെ ആവശ്യം ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥ വ്യതിയാനം നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബാധിച്ചിട്ടുണ്ട്.
ഇവയുടെ നിലനില്പ് തന്നെ വിനോദ സഞ്ചാര മേഖലയെ ആശ്രയിച്ചാണ്.അതിനാൽ ഗ്രാമങ്ങളെ ടൂറിസം കേന്ദ്രങ്ങളാക്കി പരിസ്ഥിതിയും ഹരിതഭംഗിയും നിലനിർത്തി സഞ്ചാരികൾക്ക് ഹൃദ്യമായ യാത്ര അനുഭവം പകർന്നു നൽകുന്ന വേദികളാക്കി മാറ്റണം.
കേരളത്തിൽ ടൂറിസം മേഖലയിൽ സുസ്ഥിര വികസനം സാധ്യമാകണമെങ്കിൽ ഉത്തരവാദിത്വ ടൂറിസത്തിന്റെ അന്തഃസത്ത ഉൾക്കൊള്ളണം. വിവിധ വകുപ്പുകളുടെ പദ്ധതികൾ സംയോജിപ്പിച്ച് പ്രാദേശിക വികസനം സാധ്യമാക്കണം.
- വർഗീസ് പുന്നൻ,
(മുൻ സെക്രട്ടറി, ഡിടിപിസി, പത്തനംതിട്ട.)