ജനറല്‍ ആശുപത്രി പൊളിക്കാന്‍ 5.80 ലക്ഷം രൂപയ്ക്ക് കരാര്‍
1338226
Monday, September 25, 2023 10:09 PM IST
പത്തനംതിട്ട: ജനറല്‍ ആശുപത്രിയിലെ ഒപി ബ്ലോക്കും കാഷ്വാലിറ്റിയും അടങ്ങുന്ന ഭാഗം പൊളിച്ചു നീക്കാന്‍ 5.80 ലക്ഷം രൂപയുടെ കരാര്‍ ഉറപ്പിച്ചു. കരാര്‍ തുക അടച്ച് ഒരു മാസത്തിനുള്ളില്‍ കെട്ടിടം പൊളിച്ചു നീക്കണമെന്നാണ് വ്യവസ്ഥ.
പുതിയ കെട്ടിടം പണിയുന്നതിന്റെ ഭാഗമായാണ് നിലവിലെ കെട്ടിടം പൊളിച്ചു നീക്കുന്നത്. താത്കാലിക ക്രമീകരണങ്ങള്‍ ആശുപത്രി വളപ്പില്‍ തന്നെ സജ്ജീകരിച്ചുകൊണ്ടുതന്നെ പൊളിക്കല്‍ ക്രമീകരണം നടക്കും. പ്രധാന കവാടം ഉപയോഗപ്പെടുത്തിയായിരിക്കും പൊളിക്കൽ. രോഗികള്‍ക്കും ആംബുലന്‍സിനും പ്രവേശിക്കാന്‍ പുതിയ പാത ഡോക്ടേഴ്സ് ലെയ്നില്‍ നിന്നു തുറക്കും. പുതിയ കെട്ടിടത്തിന്റെ നിര്‍മാണഘട്ടത്തില്‍ ഒപി വിഭാഗം മറ്റൊരു കെട്ടിടം വാടകയ്ക്കെടുത്തു നടത്തുന്നതിനെക്കുറിച്ച് ആലോചിച്ചെങ്കിലും ലാബോറട്ടറി അടക്കമുള്ള സൗകര്യങ്ങള്‍ കണക്കിലെടുത്ത് വേണ്ടെന്നുവച്ചു.
താത്കാലിക
ക്രമീകരണം
താത്കാലിക സംവിധാനമെന്ന നിലയില്‍ അത്യാഹിത വിഭാഗം ബി ആന്‍ഡ് സി ബ്ലോക്കിന്റെ താഴത്തെ നിലയില്മുമ്പ് കോവിഡ് പരിശോധനയ്ക്കായി നീക്കിവച്ചിരുന്ന സ്ഥലത്തേക്കു മാറ്റും.
ഒപി കെഎസ്ആര്ഡബ്ല്യു പേ വാര്‍ഡിലേക്ക് ഒപി മാറും. ഡോക്ടര്‍മാരുടെ പരിശോധനാ മുറികള്‍ കെഎച്ച്ആര്ഡബ്ല്യുവിന്റെ പേ വാര്‍ഡ് മുറികളായിരിക്കും.
പുരുഷന്മാരുടെയും സ്ത്രീകളുടെയും സര്‍ജിക്കല്‍ വാര്‍ഡ് നിലവിലെ ഓഫീസ് കെട്ടിടത്തിനു മുകളില്‍ നേത്രവിഭാഗത്തിന്റെ വാര്‍ഡിലേക്കു മാറ്റും. ഓപ്പറേഷന് തിയേറ്റര്‍ നേരത്തെ തന്നെ ബി ആന്‍ഡ് സി ബ്ലോക്കിലേക്കു മാറ്റിയിരുന്നു.
അസൗകര്യങ്ങളേറും
ശബരിമല തീര്‍ഥാടനകാലം എത്തുമ്പോഴേക്കും പ്രത്യേക വാര്‍ഡിനു സ്ഥലം തികയാത്ത സാഹചര്യമുണ്ടാകും. താത്കാലിക സംവിധാനം ഒരുക്കുന്നതോടെ ആശുപത്രിയിലെ ഐപി സൗകര്യങ്ങളും കുറയും.
അത്യാഹിത വിഭാഗം മാറ്റുന്നതോടെ ആശുപത്രിക്കുള്ളിലേക്ക് ആംബുലന്‍സുകള്‍ക്കു പ്രവേശിക്കാന്‍ പ്രത്യേക പാത ഒരുക്കേണ്ടിവരും. ഡോക്ടേഴ്സ് ലെയ്ന്‍ റോഡിലൂടെ ആശുപത്രിക്കുള്ളിലേക്ക് പുതിയ ഒരു വഴി നിര്‍മിക്കാനുള്ള നിര്‍ദേശമാണുള്ളത്.
ആയിരത്തിലേറെ ഒപി പ്രതിദിനം ഉള്ള ആശുപത്രിയില്‍ നിലവിലെ സൗകര്യങ്ങള്‍ തന്നെ പരിമിതമാണ്. ഇതു വിപുലപ്പെടുത്താനാണ് പുതിയ ഒപി ബ്ലോക്ക് നിര്‍മിക്കുന്നത്. എത്രയും വേഗം നിര്‍മാണം പൂര്‍ത്തിയാകുന്നില്ലെങ്കില്‍ ബുദ്ധിമുട്ടുകള്‍ റെയുണ്ടാകും.
പോലീസ് ഇടപെട്ടു
ജനറല്‍ ആശുപത്രി ഒപി ബ്ലോക്ക് പൊളിക്കാന്‍ കരാര്‍ ഏറ്റെടുക്കാന്‍ വന്നവര്‍ വ്യവസ്ഥകളെച്ചൊല്ലി തര്‍ക്കിച്ചതു ബഹളത്തില്‍ കലാശിച്ചു.
പോലീസ് എത്തി രംഗം ശാന്തമാക്കി. 70 പേരാണ് ലേലം വിളിക്കാന്‍ എത്തിയത്.
ആശുപത്രി കെട്ടിടം പൊളിച്ചു മാറ്റാനുള്ളതായിരുന്നു കരാര്‍ വ്യവസ്ഥ. എന്നാൽ, ഉപകരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന കരാറുകാരുടെ ആവശ്യമാണ് ബഹളത്തില്‍ കലാശിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ളവരാണ് ലേലം വിളിക്കാന്‍ എത്തിയത്.