ഏക സിവിൽ കോഡ് ഭരണഘടനാ വിധേയമാകണം: ഡോ. ജി. ഗോപകുമാർ
1337286
Thursday, September 21, 2023 11:54 PM IST
പത്തനംതിട്ട: ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് കാസർഗോഡ് കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജി. ഗോപകുമാർ.
കോൺസ്റ്റിറ്റ്യൂഷൻ ആൻഡ് ഇന്ത്യൻ പോളിറ്റി എന്ന വിഷയത്തിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ചരിത്ര, രാഷ്ട്രതന്ത്ര വിഭാഗങ്ങൾ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാരന്പര്യങ്ങളിലും യാഥാസ്ഥികത്വത്തിലും ആഴ്ന്നു കിടക്കുന്ന ഒരു രാഷ്ട്രത്തെ ആധുനീകരിക്കുക എന്ന വെല്ലുവിളി സ്വാതന്ത്ര്യലബ്ധിയുടെ കാലംമുതൽക്കേ ഇന്ത്യയ്ക്കു മുന്നിലുണ്ടായിരുന്നുവെന്നു ഡോ. ഗോപകുമാർ ചൂണ്ടിക്കാട്ടി.
ജവഹർലാൽ നെഹ്റു ഈ വെല്ലുവിളി ഏറ്റെടുത്തു. സമകാലിക സാഹചര്യങ്ങളുടെ വെളിച്ചത്തിൽ ഏക സിവിൽ കോഡ് ഭരണഘടനാ വിധേയമായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കോളജിലെ പൂർവ വിദ്യാർഥിയും ലോക്സഭ മുൻ സെക്രട്ടറി ജനറലുമായ പി.ഡി.ടി. ആചാരിയെ യോഗത്തിൽ ആദരിച്ചു.
ഡോ. സി.എ. ജോസുകുട്ടി പ്രബന്ധം അവതരിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. സുനിൽ ജേക്കബ് അധ്യക്ഷത വഹിച്ചു.
കോളജ് ബർസർ ഡോ. റെന്നി പി. വർഗീസ്, മുൻ പ്രിൻസിപ്പൽ ഡോ. ജോർജ് വർഗീസ് കൊപ്പാറ, ഡോ. പി.എസ്. പ്രദീപ്, ഡോ. സ്മിത സാറാ പടിയറ, വിവേക് ജേക്കബ് ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.