നിലയ്ക്കലില്‍ പാചകവാതക ഗോഡൗണും വിതരണകേന്ദ്രവും
1337056
Wednesday, September 20, 2023 11:36 PM IST
നിലയ്ക്കല്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആരംഭിക്കുന്ന നിലയ്ക്കലിലെ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് പാചകവാതക ഗോഡൗണിന്റെ ശിലാസ്ഥാപനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ നിര്‍വഹിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ എസ്.എസ്. ജീവന്, ജി. സുന്ദരേശന്, ദേവസ്വം കമ്മീഷണര്‍ ബി.എസ്. പ്രകാശ്, ദേവസ്വം ബോര്‍ഡ് സെക്രട്ടറി ജി. ബൈജു, ചീഫ് എന്‍ജിനിയര്‍ ആര്.അജിത്ത് കുമാര്‍, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ വി. കൃഷ്ണകുമാര്‍, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹന്‍, നിലയ്ക്കല്‍ വാര്‍ഡ് മെംബര്‍ മഞ്ജു പ്രമോദ്, ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ചീഫ് ജനറല്‍ മാനേജര്‍ ആര്. രാജേന്ദ്രന്, നിലയ്ക്കല്‍ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്. സ്മിതിന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ പാചകവാതക ഉപയോഗത്തിന്റെ ആവശ്യകത മനസിലാക്കിയാണ് ദേവസ്വം ബോര്‍ഡ് സ്വന്തമായി ഗ്യാസ് ഏജന്‍സി ആരംഭിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലയ്ക്കലില്‍ ആരംഭിക്കുന്ന പാചകവാതക ഗോഡൗണിനും വിതരണകേന്ദ്രത്തിനും മഹാദേവ ഗ്യാസ് ഏജന്‍സി എന്നാണ് പേര് നല്‍കിയിരിക്കുന്നത്.