കലുങ്ക് ഇടിഞ്ഞു താഴ്ന്നു; വടക്കടത്തുകാവ് തേവിയോട്ട് ഏലായിൽ വെള്ളം കയറി
1337054
Wednesday, September 20, 2023 11:36 PM IST
അടൂർ: വടക്കടത്തുകാവിന് സമീപം കലുങ്ക് ഇടിഞ്ഞു തേവിയോട്ട് ഏല വെളത്തിലായി. പുന്തലപ്പടി-വെള്ളക്കുളങ്ങര റോഡിൽ പുന്തലപ്പടി കുളത്തിനു സമീപമാണ് കലുങ്ക് ഇടിഞ്ഞു താഴ്ന്നത്. തേവിയോട് ഏലായിൽ നിന്നുള്ള വെള്ളം പെരിഞ്ചാലിൽപ്പടി ഭാഗത്തേക്ക് പോകുന്ന തോടിനു മുകളിലൂടെ റോഡിന് കുറുകെയുള്ള കലുങ്കാണ് അപകടത്തിലായത്. കലുങ്കിന്റെ വ്യാസവും കുറഞ്ഞു. ഇതു കാരണം മഴക്കാലമായതോടെ തേവിയോട് ഏലായിൽ കൃഷിസ്ഥലത്ത് വെള്ളം കയറി കാർഷിക വിളകൾ നശിച്ചു. വാഴ, പച്ചക്കറി കൃഷികൾ എന്നിവയാണ് നശിച്ചത്. കർഷകർക്ക് വൻ നഷ്ടവും ഇതുമൂലം ഉണ്ടായി.
റോഡരികിൽ വലിയ ഗർത്തം രൂപപ്പെട്ടതിനാൽ കനാൽ റോഡിൽ നിന്ന് ഇറക്കം ഇറങ്ങി വരുന്ന ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെയുള്ളവ കുഴിയിലേക്ക് വീണ് അപകടം സംഭവിക്കാനുള്ള സാധ്യതയുമേറി. എംസി റോഡിൽ നിന്നും അടൂർ-ശാസ്താംകോട്ട റോഡിലേക്കും അടൂർ-മണ്ണടി റോഡിലേക്കും കനാൽ റോഡിലേക്കും കടക്കാനുളള ലിങ്ക് റോഡാണിത്. 80 വർഷം മുന്പ് നിർമിച്ച കലുങ്കിന് വ്യാസം കുറവായതിനാലും കാലപ്പഴക്കമുള്ളതിനാലും വെള്ളം ഒഴുക്കിനെ സാരമായി ബാധിക്കുന്നുണ്ട്. പഴക്കം ചെന്ന കലുങ്ക് ഏതു നിമിഷവും പൂർണമായി തകരാം. പുതിയ കലുങ്ക് പണിയണമെന്നാവശ്യവും ഇതോടെ ശക്തമായി.
2021 ലെ മഴക്കാലത്തും ഏലായിൽ വെള്ളം കയറിയിരുന്നു. കലുങ്ക് നവീകരിക്കാൻ ചെറുകിട ജലസേചന വകുപ്പ് നടപടി ആരംഭിച്ചെങ്കിലും സ്വകാര്യ വ്യക്തിയുടെ തടസവാദത്തെത്തുടർന്ന് ടെൻഡർ നടപടികളിലേക്കു കടന്നില്ല.