മുണ്ടിയപ്പള്ളി ബാങ്ക് പടി- ശാസ്താങ്കല്‍ റോഡ് തകര്‍ന്നു
1336372
Monday, September 18, 2023 12:06 AM IST
മുണ്ടിയപ്പള്ളി: കവിയൂര്‍, കല്ലുപ്പാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുണ്ടിയപ്പള്ളി ബാങ്കുപടി-ശാസ്താങ്കല്‍ റോഡ് തകര്‍ന്നു ഗതാഗതം ഏറെ ദുഷ്കരം. റോഡിന്റെ ടാറിംഗ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
റോഡിന്റെ ടാറിംഗ് നടന്നിട്ട് പത്ത് വര്‍ഷത്തിലേറെയായി. റോഡ് റീടാറിംഗ് നടത്തണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടി വൈകുന്നതായി നാട്ടുകാര്‍ പറയുന്നു. ഇരുവശങ്ങളിലും ഓടകള്‍ ഇല്ലാത്തതിനാല്‍ വെള്ളം റോഡിലൂടെ ഒഴുകുന്നതാണ് തകര്‍ച്ചയ്ക്ക് കാരണമാകുന്നത്.
കൂടാതെ റോഡിന്റെ ഇരുവശങ്ങളിലും കാടു വളര്ന്നുനില്ക്കുന്നതും വാഹന യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.
വീതി കുറഞ്ഞതും വളവുകള്‍ നിറഞ്ഞതുമായ റോഡിന്റെ പുനരുദ്ധാരണം ഉടന്‍ ആരംഭിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. അടിയന്തരമായി റോഡ് വീതി കൂട്ടി ഓടകള്‍ നിര്‍മിച്ചു റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു.