ഡോ. എം.എസ്. സുനിലിന്റെ 285-ാമത്തെ സ്നേഹഭവനം അശ്വതിക്കും കുടുംബത്തിനും
1301382
Friday, June 9, 2023 10:57 PM IST
പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 285-ാമത് സ്നേഹഭവനം വിദേശ മലയാളിയായ ബെറ്റ്സി ലൂക്കയുടെയും അഭിലാഷ് ഏബ്രഹാമിന്റെയും സഹായത്താൽ ഏനാത്ത് കുളക്കട കൊല്ലാമല അശ്വതി ഭവനത്തിൽ അശ്വതിക്കും കുടുംബത്തിനുമായി നിർമിച്ചു നൽകി.
വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും പ്രശസ്ത ചിത്രകാരി ഗ്രേസി ഫിലിപ്പ് നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായ അടച്ചുറപ്പില്ലാത്ത വീടില്ലാതെ തകർന്നുവീഴാറായ ഒറ്റമുറി മൺകുടിലിൽ ആയിന്നു എട്ടാം ക്ലാസ് വിദ്യാർഥിനിയായ കുഞ്ഞ് അശ്വതിയുടെ താമസം.
ചടങ്ങിൽ പ്രോജക്ട് കോർഡിനേറ്റർ കെ.പി. ജയലാൽ, വാർഡ് മെംബർ സാലി റെജി, ജെയിൻ ജോയ്, വി. ഭാസ്കരൻ, എസ്. സതീഷ് എന്നിവർ പ്രസംഗിച്ചു.
ചടങ്ങിനോടനുബന്ധിച്ച് ഒരു വീട് ഒരു മരം പദ്ധതിയുടെ ഭാഗമായി വീടിനു മുന്നിൽ ഔഷധ വൃക്ഷത്തൈ നടുകയും ചെയ്തു.