ഹരിതസഭാ യോഗങ്ങൾ നടത്തി
1300839
Wednesday, June 7, 2023 10:47 PM IST
പത്തനംതിട്ട: ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലുമായി വിപുലമായി ജൂണ്‍ അഞ്ചിന് ഹരിതസഭകള്‍ നടന്നു. "മാലിന്യമുക്തം നവകേരളം' കാമ്പയിന്റെ ഭാഗമായി മാര്‍ച്ച് 15 മുതല്‍ ജൂണ്‍ ഒന്നു വരെ നടന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി മാര്‍ച്ച് 15-ലെ അവസ്ഥയില്‍നിന്നും ഉണ്ടായ പുരോഗതി, മാറ്റങ്ങള്‍ ഇതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ജനകീയവേദിയായ ഹരിതസഭയില്‍ അവതരിപ്പിച്ചു.
ജനപ്രതിനിധികള്‍, റസിഡന്റ്സ് അസോസിയോഷന് ഭാരവാഹികള്‍, വായനശാല പ്രതിനിധികള്‍, യുവജനസംഘടന പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍, ആരോഗ്യ ജാഗ്രതാസമിതി പ്രതിനിധികള്‍ തുടങ്ങിയവര്‍ ജില്ലയില്‍ നടന്ന ഹരിതസഭകളില്‍ പങ്കെടുത്തു.
പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കേണ്ടതിന്റെ പ്രാധാന്യം, നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉത്പാദനവും സംഭരിച്ച് വയ്ക്കലും നടത്തിയാല്‍ സ്വീകരിക്കുന്ന നിയമനടപടികള്‍ സംബന്ധിച്ചും ഹരിതസഭകളില്‍ വിശദീകരിച്ചു. അജൈവമാലിന്യം സംഭരണത്തില്‍ തദ്ദേശസ്ഥാപനതലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹരിതകര്‍മസേനാംഗങ്ങളെ ആദരിക്കല്‍ ചടങ്ങും നടന്നു.
വെച്ചൂച്ചിറയിൽ
വെച്ചൂച്ചിറ: വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തില്‍ പരിസ്ഥിതി ദിനത്തില്‍ ഹരിതസഭ സംഘടിപ്പിച്ചു. വെച്ചൂച്ചിറ സെന്റ് ബര്‍ണബാസ് സിഎസ്ഐ പള്ളി വികാരി റവ. സോജി മാത്യു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജെയിംസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ശുചിത്വ സമിതിയുടെയും മോണിറ്ററിംഗ് കമ്മിറ്റിയുടെയും പ്രഖ്യാപനവും ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് കുടയും റെയിന്‍ കോട്ടും വിതരണവും അദ്ദേഹം നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ പരിസ്ഥിതിദിന സന്ദേശം നല്കി. ഹരിത അംബാസിഡര്‍മാരായി പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്തിലെ 13 സ്കൂളുകളിലെയും നാല്, അഞ്ച് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ചടങ്ങില്‍ ഗ്രീന്‍ അംബാസിഡര്‍ ഐഡന്റിറ്റി കാര്‍ഡ് നല്കി.
കോഴഞ്ചേരിയിൽ
കോഴഞ്ചേരി: കോഴഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ഹരിതസഭ ചേര്‍ന്നു. ഗ്രാമപഞ്ചായത്തു പ്രസിഡന്റ് റോയി ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് അംഗം സാറാ തോമസ് ഹരിതസഭ ഉദ്ഘാടനം ചെയ്തു.
മാധ്യമപ്രവർത്തകൻ വര്‍ഗീസ് സി. തോമസ് മുഖ്യസന്ദേശം നല്കി. ഡോ. മാത്യു കോശി വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജി എ. തമ്പി തുടങ്ങിയവർ പ്രസംഗിച്ചു.
മല്ലപ്പള്ളിയിൽ
മല്ലപ്പള്ളി: മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം-ഹരിതസഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മേരി തോമസിന്റെ അധ്യക്ഷതയില്‍ നടന്നു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന് ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് റെജി പണിക്കമുറി പരിസ്ഥിതിദിന സന്ദേശം നല്കി. ജില്ലാ പഞ്ചായത്ത് അംഗം സി.കെ. ലതാകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിന്ധു സുഭാഷ്, ലൈല അലക്സാണ്ടര്‍, ആനി രാജു, ഗ്രാമപഞ്ചായത്ത് മെംബര്‍മാരായ ഗീതാ കുര്യാക്കോസ്, സാം പട്ടേരില്‍, സജി ഡേവിഡ്, എസ്. വിദ്യാമോള്‍, പ്രകാശ് കുമാര്‍ വടക്കേമുറി, ബിജു പുറത്തൂടന്‍, റോസമ്മ ഏബ്രഹാം, സുരേഷ് കുമാര്‍, ഷാന്റി ജേക്കബ്, മനീഷ് കൃഷ്ണന്‍കുട്ടി, രോഹിണി ജോസ് എന്നിവര്‍ പ്രസംഗിച്ചു.