എന്റെ കേരളം മേള: മികച്ച കവറേജ് പുരസ്കാരം പങ്കിട്ട് ദീപിക
1300832
Wednesday, June 7, 2023 10:44 PM IST
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടത്തിയ എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡുകളിൽ മികച്ച കവറേജിനുള്ള പുരസ്കാരം ദീപികയും പങ്കിട്ടു. ഈ വിഭാഗത്തിലെ മൂന്നാംസ്ഥാനമാണ് ദീപിക കരസ്ഥമാക്കിയത്. മികച്ച പൊതുവായ കവറേജിനുള്ള അച്ചടി മാധ്യമ വിഭാഗത്തിലെ ഒന്നാംസ്ഥാനം ദേശാഭിമാനിക്കും രണ്ടാംസ്ഥാനം മാതൃഭൂമിക്കുമാണ്.
അച്ചടി മാധ്യമം മികച്ച റിപ്പോര്‍ട്ടറായി ശരണ്‍ ചന്ദ്രന് (ദേശാഭിമാനി), എസ്. സുനിത് കുമാർ (മാതൃഭൂമി), കെ.ആര്. ശ്രീലക്ഷ്മി (മാതൃഭൂമി) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ദൃശ്യ മാധ്യമം മികച്ച റിപ്പോര്‍ട്ടര്‍ വിഭാഗത്തില്‍ എസിവി ന്യൂസിലെ എം.ജെ. പ്രസാദ് ഒന്നാം സ്ഥാനം നേടി. കൈരളി ടിവിയിലെ സുജു ടി. ബാബു രണ്ടാം സ്ഥാനവും റിപ്പോര്‍ട്ടര്‍ ടിവിയിലെ പ്രവീണ്‍ കെ. പുരുഷോത്തമന് മൂന്നാം സ്ഥാനവും നേടി.
അച്ചടി മാധ്യമം മികച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍ വിഭാഗത്തില്‍ ജയകൃഷ്ണന് ഓമല്ലൂര്‍ (ദേശാഭിമാനി കെ. അബൂബക്കര്‍ (മാതൃഭൂമി) എന്നിവർ പുരസ്കാരം കരസ്ഥമാക്കി. ദൃശ്യ മാധ്യമം മികച്ച കാമറാമാന് വിഭാഗത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ പി. അജി ഒന്നാം സ്ഥാനവും എസിവി ന്യൂസിലെ എസ്. പ്രദീപ് രണ്ടാം സ്ഥാനവും നേടി.
പൊതുവിഭാഗത്തില്‍ വികസനക്ഷേമ ഫോട്ടോഗ്രഫി മത്സരത്തില്‍ സന്തോഷ് നിലയ്ക്കലിന് ഒന്നാം സ്ഥാനം ലഭിച്ചു. രണ്ടാം സ്ഥാനം ജയകൃഷ്ണന് ഓമല്ലൂരിനും മൂന്നാം സ്ഥാനം പി.കെ. സുനില്‍ കുമാറിനുമാണ്. മാധ്യമ പ്രവർത്തകരായ രാധാകൃഷ്ണന് കുറ്റൂര്‍, ഏബ്രഹാം തടിയൂര്‍, ഫോട്ടോഗ്രാഫര്‍ ആര്. സന്തോഷ് എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തതെന്നു ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ അറിയിച്ചു.
വ്യക്തിഗത വിഭാഗങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ഫലകവും സമ്മാനമായി നല്‍കും. ഇതിനു പുറമേ, അച്ചടി മാധ്യമങ്ങളിലെ ഏറ്റവും മികച്ച പൊതുവായ കവറേജിനും ദൃശ്യമാധ്യമങ്ങളിലെ ഏറ്റവും മികച്ച പൊതുവായ കവറേജിനും പ്രത്യേക പുരസ്കാരമായി ഫലകവും സര്‍ട്ടിഫിക്കറ്റും നല്‍കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.