ഡെങ്കിപ്പനി: ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും
1300604
Tuesday, June 6, 2023 10:50 PM IST
പത്തനംതിട്ട: ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ വര്‍ധിച്ചുവരുന്നതിനാല്‍ എല്ലാ വകുപ്പുകളുടേയും സഹകരണത്തോടെ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും.
പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും, ഏകോപിപ്പിക്കുന്നതിനുമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ തിരുവല്ല സബ് കളക്ടര്‍ സജ്ന നസറുദീന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഇന്റര്‍ സെക്ടറല്‍ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
തൊഴിലുറപ്പ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, ക്ഷീരകര്‍ഷകര്‍ തുടങ്ങിയവര്‍ സ്വയം സുരക്ഷാ മാര്‍ഗങ്ങള്‍ ഉപയോഗിക്കണം.
മാലിന്യ സംസ്കരണം, പ്രാദേശികമായിട്ടുളള ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷനും യോഗം വിലയിരുത്തി. കുഷ്ഠരോഗം കണ്ടെത്തുന്നതിനുള്ള അശ്വമേധം 6.0 തുടങ്ങുന്നതിനും, മലേറിയ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനം ഉറപ്പാക്കും.
ഡിഎംഒ ഡോ. എല്‍. അനിതാകുമാരി, ജില്ലാ സര്‍വെയ്ലന്‍സ് ഓഫീസര്‍ ഡോ. സി.എസ്. നന്ദിനി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
രോഗം സ്ഥിരീകരിച്ചത് 61 പേരിൽ
ജില്ലയിൽ ജനുവരി മുതൽ ഇന്നലെവരെ 61 പേരിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിലേറെയും കഴിഞ്ഞ രണ്ട് മാസങ്ങൾക്കുള്ളിലാണ്. 278 പേരിൽ രോഗം സംശയിക്കപ്പെടുന്നുണ്ട്. കോന്നി താലൂക്കിലെ തണ്ണിത്തോട്, സീതത്തോട്, അരുവാപ്പുലം എന്നിവിടങ്ങളിലും മല്ലപ്പള്ളി താലൂക്കിലെ ആനിക്കാട് പഞ്ചായത്തിലുമാണ് രോഗബാധ കൂടുതലായി കണ്ടത്.
റബർ തോട്ടങ്ങൾ കൂടുതലായുള്ള മേഖലകളിലും വേനൽമഴ ഇടയ്ക്കൊക്കെ ലഭിച്ചു കൊണ്ടിരുന്നതുമായ പ്രദേശങ്ങളിലുമാണ് ഡെങ്കി പരത്തുന്ന ഈഡിസ് വിഭാഗത്തിൽപെട്ട കൊതുകുകളുടെ വ്യാപനം കൂടുതലായി കണ്ടത്.