കരാർ കന്പനിയെ കരിന്പട്ടികയിൽ പെടുത്തണമെന്ന് നഗരസഭ
1300603
Tuesday, June 6, 2023 10:50 PM IST
പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തു ജലവിതരണ പൈപ്പുകൾ സ്ഥാപിക്കാൻ കിഫ്ബി പദ്ധതി പ്രകാരം കരാർ എടുത്ത ലോട്ടസ് എൻജിനിയേഴ്സ് ആൻഡ് കോൺട്രാക്ടേഴ്സ് (കേരള) പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ കരാർ റദ്ദ് ചെയ്തു കരിന്പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടു മന്ത്രി റോഷി അഗസ്റ്റിനു കത്തു നൽകിയതായി നഗരസഭ ചെയർമാൻ ടി.സക്കീർഹുസൈൻ.
പത്തനംതിട്ട നഗരത്തിലെ എസി പൈപ്പുകൾ മാറ്റി സ്ഥാപിക്കാനായി കിഫ്ബി സഹായത്തോടെ അനുവദിച്ച പദ്ധതി നിർവഹണത്തിനായി 2021 ജൂൺ 25നാണ് ലോട്ടസ് കമ്പനി ജല അഥോറിറ്റി സൂപ്രണ്ടിംഗ് എൻജിനിയറുമായി കരാറിൽ ഏർപ്പെട്ടത്. പദ്ധതി പൂർത്തീകരണത്തിനു കരാർപ്രകാരം ഒന്പതു മാസമായിരുന്നു കാലാവധി.
സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിക്കാൻ കമ്പനിയുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായി.
ലോട്ടസ് കമ്പിനിയുടെ അഭ്യർഥനയെത്തു ടർന്ന് ജലവിഭവവകുപ്പ് കാലാവധി നീട്ടി നൽകിയെങ്കിലും സമയപരിധി കഴിഞ്ഞ 31ന് അവസാനിച്ചു.
പണികൾ പൂർത്തീകരിക്കാതെയും പൈപ്പുകൾ സ്ഥാപിക്കാനായി എടുത്ത കുഴികൾ നഗരമധ്യത്തിലെ പ്രധാന റോഡുകളിൽ മൂടാതെയും കിടക്കുന്ന സാഹചര്യത്തിലാണ് നഗരസഭ കർശന നടപടികളിലേക്കു കടന്നത്.
കുഴികൾ മൂടാതെ
രണ്ടു മാസം
പുതിയ എസി പൈപ്പുകൾ സ്ഥാപിക്കാനായി കമ്പനി എടുത്ത കുഴികൾ പൊതുജനങ്ങൾക്കും വാഹന ഗതാഗതത്തിനും തടസമായിട്ടു രണ്ടു മാസത്തിലേറെ. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ മുതൽഅബാൻവരെയും സെൻട്രൽ ജംഗ്ഷൻ മുതൽ സ്റ്റേഡിയം ജംഗ്ഷൻവരെയും റോഡിന്റെ ഒരുഭാഗം കുഴിച്ച് പൈപ്പിടുകയായിരുന്നു. ഇതു മുഴുവനായി മൂടാൻ കരാറുകാർ തയാറായിട്ടില്ല. ഇതോടെ വാഹനഗതാഗതം താറുമാറായി. മഴയിൽ ചെളിയും വേനലിൽ പൊടിയും നഗരത്തിനു ബാധ്യതയുമായി.
ജില്ലാ വികസനസമിതി യോഗത്തിലും മറ്റും വിഷയം ചർച്ചയ്ക്കെത്തുകയും അടിയന്തരമായി ഇടപെടണമെന്ന് ജലവിഭവ മന്ത്രിയോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു.
മന്ത്രിതലത്തിലും നഗരസഭ തലത്തിലും പലതവണ ഇതു സംബന്ധമായ ചർച്ചകൾ നടന്നു. ജല അഥോറിറ്റി ഉദ്യോഗസ്ഥർ പലതവണ മുന്നറിയിപ്പുകളും നൽകിയിരുന്നു.
അധ്യയന വർഷം ആരംഭിക്കുന്നതിനു മുന്നോടിയായി റോഡുകളുടെ വശങ്ങളിലുള്ള മൺകൂനകൾ നീക്കംചെയ്തു പൊതുജനങ്ങൾക്കുള്ള അപകടസാധ്യത ഒഴിവാക്കണമെന്നു കേരള മുനിസിപ്പാലിറ്റി നിയമപ്രകാരം നോട്ടീസ് നൽകാൻ ചെയർമാൻ നഗരസഭാ സെക്രട്ടറിക്കു നിർദേശം നൽകിയിരുന്നു.
ആരോപണം നഗരസഭയ്ക്കു നേരെയെന്ന് ചെയർമാൻ
പൈപ്പ് മാറ്റിയിടൽ പ്രവൃത്തി നിർവഹണവുമായി ബന്ധപ്പെട്ടു നഗരസഭയ്ക്ക് നേരിട്ടു യാതൊരു പങ്കുമില്ലെന്നിരിക്കെ ജലവിഭവ വകുപ്പിന്റെ അനാസ്ഥ മൂലം നഗരസഭ ആരോപണം നേരിടേണ്ടി വരികയാണെന്നു ചെയർമാൻ സക്കീർ ഹുസൈൻ. കൗൺസിൽ യോഗത്തിലും പരാതി ഉയർന്നിരുന്നു. നഗരസഭാ ചെയർമാൻ അധ്യക്ഷനായ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയും വിഷയത്തിൽ ഇടപെട്ടിരുന്നു. 31നകം നിർമാണം പൂർത്തീകരിക്കണമെന്നു മന്ത്രി അന്ത്യശാസനം നൽകിയിരുന്നു.
മൺകൂനകൾ നീക്കം ചെയ്തു വെറ്റ്മിക്സ് ഉപയോഗിച്ചു റോഡുകൾ ഗതാഗതയോഗ്യമാക്കാൻ കരാർവ്യവസ്ഥ പ്രകാരം കമ്പനിക്കു ബാധ്യതയുണ്ടെന്നു ചെയർമാൻ ചൂണ്ടിക്കാട്ടി. എന്നാൽ, ഈ ഉത്തരവാദിത്വത്തിൽനിന്നു കമ്പനി ഒഴിഞ്ഞുമാറുകയായിരുന്നു. ഈ സാഹചര്യത്തിൽ കമ്പനിക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്നും കാലതാമസം വരുത്തിയതിനുള്ള പിഴ ഈടാക്കണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു. പ്രവൃത്തി പൂർത്തീകരിക്കുന്നതു വൈകിയാൽ ജനങ്ങളെ അണിനിരത്തി സമരപരിപാടികളിലേക്കു നീങ്ങേണ്ട സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.