കുളംതോണ്ടി നഗര റോഡുകൾ; പഴിചാരി അധികൃതർ
1299478
Friday, June 2, 2023 11:04 PM IST
സ്കൂൾ
തുറന്നതോടെ
പ്രതിസന്ധി രൂക്ഷം
പത്തനംതിട്ട: നഗരത്തിൽ ജലവിതരണ പൈപ്പുകൾ സ്ഥാപിക്കാനെടുത്ത കുഴികൾ മൂടി ടാർ ചെയ്യാത്തതു സംബന്ധിച്ച പ്രശ്നങ്ങൾക്കു പരിഹാരമില്ല. വിദ്യാലയങ്ങൾകൂടി തുറന്നതോടെ നഗരത്തിൽ ഗതാഗതപ്രശ്നം അതിരൂക്ഷമായി.
കുഴികൾ മൂടി റോഡ് പൂർവസ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ടു നഗരസഭയും ഗതാഗത ഉപദേശകസമിതിയും ജില്ലാ ഭരണകൂടവുമൊക്കെ നൽകിയ നോട്ടീസുകൾ കൈപ്പറ്റിയെന്നല്ലാതെ ഒരു നടപടിയും ജല അഥോറിറ്റിയോ കരാറുകാരനോ സ്വീകരിച്ചിട്ടില്ല.
നഗരത്തിൽ പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ ടികെ റോഡിൽ കുമ്പഴ മുതൽ സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ വരെയും അടൂർ റോഡിൽ സ്റ്റേഡിയം വരെയുമാണ് ജല അഥോറിറ്റി കുഴികളെടുത്തത്. രണ്ടുമാസം മുന്പാണ് ജോലികൾ ആരംഭിച്ചത്. ഇതിനു പിന്നാലെ വേനലും മഴയും എത്തിയതോടെയുണ്ടായ ദുരിതം അനുഭവിക്കുന്നത് നഗരത്തിലെത്തുന്ന കാൽനടക്കാരും വ്യാപാരികളുമാണ്. വാഹനങ്ങളിലെത്തുന്നവരും വലയുകയാണ്. റോഡിന്റെ ഒരു ഭാഗം പൂർണമായി യാത്രയ്ക്ക് ഉപയുക്തമല്ല. മൺകൂനകൾ കാരണം റോഡിനു വീതി കുറഞ്ഞു. പാർക്കിംഗ് സ്ഥലവും നഷ്ടപ്പെട്ടു. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും മൺകൂനകളിൽ കയറി അപകടത്തിൽപെടുന്ന സാഹചര്യമുണ്ട്.
കരാറുകാരനു
താക്കീത്
കരാറുകാരനായ ലോട്ടസ് കന്പനിക്കു ജലഅഥോറിറ്റി നോട്ടീസ് നൽകിയിട്ടുതന്നെ നാളുകളായി. വിഷയത്തിൽ ജലവിഭവ മന്ത്രി ഇടപെട്ടു നോട്ടീസ് നൽകാൻ ജല അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർക്കു നിർദേശം നൽകുകയായിരുന്നു. കഴിഞ്ഞ 31നകം പണി പൂർത്തീകരിക്കണമെന്നായിരുന്നു ജലവിഭവമന്ത്രിയുടെ കർശന നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണാ ജോർജ് നേരിട്ടെത്തി രണ്ടുതവണ യോഗം വിളിച്ചു. നടപടി സ്വീകരിക്കുമെന്ന ഉറപ്പ് കരാറുകാരനും ജലഅഥോറിറ്റിയും നല്കിയതല്ലാതെ കാര്യമായ പുരോഗതിയുണ്ടായില്ല. ഇപ്പോഴും പല ഭാഗങ്ങളിലും ജെസിബി ഉപയോഗിച്ചു കുഴി എടുത്തുവരികയാണ്. പണിയുടെ കൃത്യമായ വിവരണം നൽകാൻ ജല അഥോറിറ്റിക്കുമാകുന്നില്ല.
രണ്ടാഴ്ച കൂടി സാവകാശം തേടി ജല അഥോറിറ്റി
സർവീസ് കണക്ഷൻ നൽകുന്ന ജോലി പുരോഗമിക്കുകയാണ്. സർവീസ് ലൈനുകൾ പുനഃസ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്കായി രണ്ടാഴ്ച കൂടി വേണ്ടി വരുമെന്നാണ് ജല അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചതെന്നു നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ പറഞ്ഞു.
മൺകൂനകൾ നിരത്തി വെറ്റ് മിക്സ് ഉപയോഗിച്ചു താത്കാലികമായി റോഡ് പൂർവസ്ഥിതിയിലാക്കാൻ കേരള ജലവിഭവ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർക്കു കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 413-ാം വകുപ്പ് പ്രകാരം നഗരസഭ നോട്ടീസ് നൽകിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിന്റെ നിർദേശ പ്രകാരമാണിത്.