ആശുപത്രിയിൽ കഴിയാനില്ല, ആദിവാസി യുവതി വീണ്ടും ഏറുമാടത്തിലേക്ക്
1282616
Thursday, March 30, 2023 10:45 PM IST
പത്തനംതിട്ട: ആരോഗ്യ മന്ത്രി ഇടപ്പെട്ട് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലമ്പണ്ടാര വനവാസി യുവതി തിരികെ ഏറുമാടത്തിലെത്തി. ഗർഭിണിയായ യുവതി വനത്തിനുള്ളിൽ ഏറുമാടത്തിൽ കഴിയുന്നുവെന്ന മാധ്യമവാർത്തകളേ തുടർന്ന് ഇന്നലെ പകൽ ആരോഗ്യ വകുപ്പിന്റെ സജീവ ഇടപെടൽ ഉണ്ടായത്.
കൊടും വനത്തിനുള്ളില്‍ വന്യമൃഗങ്ങളെ പേടിച്ച് രാജാംമ്പാറ വനമേഖലയിലെ ളാഹ മഞ്ഞത്തോട്ടിലാണ് എട്ടുമാസം ഗര്‍ഭിണിയായ മലമ്പണ്ടാര യുവതി പൊന്നമ്മയും ഭര്‍ത്താവ് രാജേന്ദ്രനും രണ്ട് മക്കളും മരത്തിനു മുകളിലൊരുക്കിയ ഏറുമാടത്തില്‍ കയറിയിറങ്ങി കഴിഞ്ഞു വന്നത്. യുവതിയുടെ ദുരിതം അറിഞ്ഞതോടെ മന്ത്രി വീണ ജോര്‍ജ് ഇടപെടുകയായിരുന്നു. ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി ആംബുലൻസിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു.
എന്നാല്‍ ആശുപത്രിയില്‍ തുടരാന്‍ യുവതി വിസമ്മതിച്ചു. ഇതേത്തുടർന്ന് രണ്ടു ദിവസം കഴിഞ്ഞ് തിരികെ എത്താമെന്നും സ്വന്തം ഇഷ്ടപ്രകാരം ആശുപത്രിയില്‍ നിന്നു പോകുന്നതായും ഏഴുതി വച്ചശേഷം ഇവര്‍ മഞ്ഞത്തോട്ടിലെ ഏറുമാടത്തിലേക്ക് മടങ്ങുകയായിരുന്നു. ആംബുലൻസിൽ തന്നെ ഇവരെ തിരികെ എത്തിച്ചു. തങ്ങൾക്കു വനത്തിനുള്ളിൽ ഒരു പ്രശ്നവും ഇല്ലെന്നും കാട്ടാനയുടെ ആക്രമണം ഭയന്നാണ് ഏറുമാടം നിർമിച്ച് അതിൽ കഴിയുന്നതെന്നും യുവതി പറഞ്ഞു. അവിടെയുള്ള ആരോഗ്യ പ്രവർത്തകർ ഭാര്യയെ പരിശോധിക്കാനെത്തുന്നുണ്ടെന്ന് രാജേന്ദ്രനും പറഞ്ഞു.
റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ ആംബുലന്‍സിലായിരുന്നു മടക്കം. പൊന്നമ്മയുടെ ഏഴാമത്തെ പ്രസവമാണിത്. ആദ്യ നാല് തവണയും കുട്ടികള്‍ മരിച്ചു. പിന്നീട് രണ്ട് പ്രസവത്തിലായി രണ്ടു കുട്ടികളുണ്ട്. മക്കളായ രാജമാണിക്യം(6), രാജമണി(4) എന്നിവരും ഇവര്‍ക്കൊപ്പം ഏറുമാടത്തിലാണ് കഴിഞ്ഞിരുന്നത്. മന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് വ്യാഴാഴ്ച ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി, വനിത സംരക്ഷണ ഓഫീസര്‍ എ. നിസ, റാന്നി അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസര്‍ സ്മിത എന്നിവര്‍ രാജേന്ദ്രന് - പൊന്നമ്മ ദമ്പതികളുടെ താമസസ്ഥലത്ത് എത്തിയിരുന്നു.