ചൂടിൽ വലഞ്ഞു കുരുന്നുകൾ ; ഒരു കമ്മീഷനുകളും ഇടപെട്ടില്ല; പരീക്ഷ അവർക്കു പരീക്ഷണം
1280258
Thursday, March 23, 2023 10:51 PM IST
പത്തനംതിട്ട: പകൽ താപനില അതിരൂക്ഷമായിരിക്കേ നട്ടുച്ചയിലെ പരീക്ഷകൾ കുരുന്നുകൾക്കും. പ്രൈമറി ക്ലാസുകൾക്ക് ഇന്നലെ ആരംഭിച്ച പരീക്ഷകളും ഉച്ചയ്ക്ക് 1.30നാണ് ആരംഭിക്കുന്നത്.
നട്ടുച്ചയിലെ താപനില 36 ഡിഗ്രി സെൽഷ്യസിലെത്തി നിൽക്കേ ഒന്നു മുതൽ നാലുവരെയുള്ള ക്ലാസുകളിലെ കുട്ടികൾ പരീക്ഷ എഴുതാൻ സ്കൂളിലെത്തണം. ആവശ്യമെങ്കിൽ കുട്ടികളെ രാവിലെ തന്നെ സ്കൂളിലെത്തിച്ചുകൊള്ളാനുള്ള ഒരു ഔദാര്യം നൽകിയിട്ടുണ്ടെന്നു മാത്രം.
കുരുന്നുകളെ ചൂടിൽനിന്നു രക്ഷിക്കണമെന്നും പരീക്ഷകൾ രാവിലെ ആക്കണമെന്നുമുള്ള ആവശ്യം അധ്യാപകരും രക്ഷിതാക്കളും ഉയർത്തിയിരുന്നതാണ്. ബാലാവകാശ കമ്മീഷനിലടക്കം ലഭിച്ച പരാതികളിൽ യാതൊരു തീരുമാനവുമുണ്ടായില്ല. താഴ്ന്ന ക്ലാസുകളിലെ കുട്ടികളുടെ മധ്യവേനൽ അവധി നിഷേധിച്ച് ഏപ്രിലിൽ സ്കോളർഷിപ് പരീക്ഷ നിശ്ചയിച്ചതിനെതിരേയുള്ള പരാതികളും പരിഗണിച്ചിട്ടില്ല. പ്രൈമറി സ്കൂളുകളിൽ ഇന്നലെ ആരംഭിച്ച പരീക്ഷ 29 വരെ നീണ്ടുനിൽക്കും.
പരീക്ഷകളുടെ
ആധിക്യം
പകൽച്ചൂടിന്റെ കാഠിന്യത്തിനിടെ ഹൈസ്കൂൾ, യുപി വിഭാഗങ്ങളുടെ പരീക്ഷ ഉച്ചകഴിഞ്ഞുള്ള സമയത്തു നടന്നുവരികയാണ്. പത്ത്, ഹയർ സെക്കൻഡറി ക്ലാസുകളിലെ പൊതുപരീക്ഷകൾ രാവിലെയും മറ്റു ക്ലാസുകളിലേത് ഉച്ചകഴിഞ്ഞും എന്നതാണ് ക്രമീകരണം.
ഹൈസ്കൂളുകളിൽ പത്താം ക്ലാസ് പരീക്ഷ നടന്നുകൊണ്ടിരിക്കേ മറ്റു ക്ലാസുകളിലെ വാർഷിക പരീക്ഷയും ക്രമീകരിച്ചതിനെതിരേ അധ്യാപകരുടെയിടയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പരീക്ഷാ ക്രമീകരണങ്ങളിലെ ബുദ്ധിമുട്ടുകളുമായി ബന്ധപ്പെട്ടായിരുന്നു ഇത്.
പരാതിയുമായി
രക്ഷിതാക്കളും
ഉച്ചവെയിലിന്റെ കാഠിന്യത്തിൽ കുട്ടികളെ സ്കൂളിൽ അയയ്ക്കുന്നതിനെതിരേ രക്ഷിതാക്കളും പരാതികൾ പറഞ്ഞിരുന്നു. പ്രതിഷേധങ്ങൾക്കു യാതൊരു വിലയും കല്പിക്കാതെയാണ് ഇപ്പോൾ കൊച്ചുകുട്ടികൾ മാത്രമുള്ള എൽപി സ്കൂളുകൾക്കുള്ള വാർഷിക പരീക്ഷയും ഉച്ചകഴിഞ്ഞു ക്രമീകരിച്ചിട്ടുള്ളത്.
പരീക്ഷ ഉച്ചകഴിഞ്ഞാണെങ്കിലും കുട്ടികൾക്ക് ആവശ്യമെങ്കിൽ ഉച്ചഭക്ഷണം സ്കൂളിൽ നൽകണമെന്നതടക്കമുള്ള നിർദേശം നൽകിയിട്ടുണ്ട്.
പത്താംക്ലാസ് പരീക്ഷ നടക്കുന്ന ഹൈസ്കൂളുകളിൽ ഈ നിർദേശം പ്രായോഗികവുമല്ല. എസ്എസ്എൽസി കുട്ടികളുടെ സമയം കഴിഞ്ഞു മാത്രമേ മറ്റു കുട്ടികളെ സ്കൂൾ കാന്പസിൽ പോലും പ്രവേശിപ്പിക്കുകയുള്ളൂ.
എന്നാൽ, രാവിലെ സമയത്തു പരീക്ഷ നടത്തി ഉച്ചവെയിലിന്റെ കാഠിന്യത്തിനു മുന്പേ കുട്ടികളെ മടക്കി അയയ്ക്കുന്ന തരത്തിൽ ക്രമീകരണം വേണമെന്നതായിരുന്നു ആവശ്യം.