നാടിന്റെ ദാഹമകറ്റാന് സഹകരണ തണ്ണീര്പന്തല്
1279968
Wednesday, March 22, 2023 10:47 PM IST
പത്തനംതിട്ട: കൊടുംചൂടില് ബുദ്ധിമുട്ടുന്ന കാല്നടയാത്രക്കാര്ക്കും മറ്റുള്ളവര്ക്കും ആശ്വാസമായി ജില്ലയിലുടനീളം സഹകരണസ്ഥാപനങ്ങളുടെ നേതൃത്വത്തില് തണ്ണീര്പന്തലുകള് പ്രവര്ത്തനമാരംഭിച്ചു. തണ്ണിമത്തന് ജൂസ്, സംഭാരം, നാരങ്ങാവെള്ളം കുപ്പിവെള്ളം എന്നിവ സ്പോണ്സര്ഷിപ്പിലും, അല്ലാതെയും സൗജന്യമായി വിതരണം ചെയ്യുന്നതിന് വിപുലമായ സംവിധാനമാണ് സഹകരണസ്ഥാപനങ്ങള് ഏര്പ്പെടുത്തിയിട്ടുള്ളത്.
പത്തനംതിട്ട ടൗണില് മാത്രം പത്തനംതിട്ട ഗവണ്മെന്റ് എംപ്ലോയീസ് സഹകരണ ബാങ്ക്, എക്സ് സര്വീസ്മെന് സഹകരണസംഘം, പത്തനംതിട്ട സര്വീസ് സഹകരണബാങ്ക് എന്നിവയുടെയും മിനിസിവില് സ്റ്റേഷനില് സഹകരണവകുപ്പ് ജീവനക്കാരുടെ സഹകരണസംഘത്തിന്റെയും തണ്ണീര്പന്തലുകള് പ്രവര്ത്തനമാരംഭിച്ചു. പത്തനംതിട്ട ജില്ലയില് ഇന്നലെ 110 തണ്ണീര്പന്തലുകള് പ്രവര്ത്തനമാരംഭിച്ചതായും കൂടുതല് എണ്ണം ഉടന് പ്രവര്ത്തനമാരംഭിക്കുമെന്നും സഹകരണവകുപ്പ് അധികൃതര് അറിയിച്ചു. വേനല് കടുത്ത് നില്ക്കുന്ന ഏപ്രില്, മേയ് മാസങ്ങളിലും ഇവ പ്രവര്ത്തിക്കുന്നതായിരിക്കും.