വചന കേഴ്വി ഫലപ്രാപ്തിക്കുതകണം: മാർ ക്രിസോസ്റ്റം
1279953
Wednesday, March 22, 2023 10:43 PM IST
പത്തനംതിട്ട: വചനം ഹൃദയത്തിൽ സംഗ്രഹിച്ച് ഫലം പുറപ്പെടുവിക്കുന്നവരാകണമെന്നു പത്തനംതിട്ട ഭദ്രാസന പ്രഥമ മെത്രാപ്പോലീത്ത യൂഹാനോൻ മാർ ക്രിസോസ്റ്റം. 26-ാമത് പത്തനംതിട്ട കാത്തലിക് കൺവൻഷൻ പത്തനംതിട്ട സെന്റ് പീറ്റേഴ്സ് അങ്കണത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദൈവത്തെ കണ്ടെത്തുകയെന്നതാണ് തിരുവചന കേഴ്വിയുടെ ആത്യന്തികലക്ഷ്യം. കാണുക, വിശ്വസിക്കുക, ആശ്രയിക്കുക ഈ തലങ്ങളിലേക്കു മാറാനാകുന്പോഴാണ് കൺവൻഷനുകൾക്ക് അർഥമുണ്ടാകുന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ദൈവകൃപയുടെ അനുഭവത്തിലാണ് ഫലം പുറപ്പെടുവിക്കാനാകുന്നത്. ഒരുക്കത്തിന്റെ കാലഘട്ടമാണിത്. മലമുകളിൽ തപസ് അനുഷ്ഠിച്ച ഈശോ പുതിയ ഒരു സുവിശേഷമാണ് ലോകത്തിനു പകർന്നു നൽകിയത്. ആരും ഇതേവരെ കേൾക്കാത്ത ഈ സുവിശേഷം ജനത്തിനു ശക്തി പകരുന്നതായിരുന്നു. ദരിദ്രർക്കും ആലംബഹീനർക്കും അശരണർക്കും ഇതിലൂടെ ആശ്വാസം ലഭിച്ചുവെന്നും മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.
പത്തനംതിട്ട ഭദ്രാസനാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത, വികാരി ജനറാൾ മോൺ. ഷാജി തോമസ് മാണികുളം, ഫാ. ഏബ്രഹാം മണ്ണിൽ, ഫാ. സെബാസ്റ്റ്യൻ ആന്പശേരിൽ, പാസ്റ്റർ കൗൺസിൽ സെക്രട്ടറി സണ്ണി മാത്യു മാമ്മൂട്ടിൽ, മദർ പ്രൊവിൻഷ്യൽ തമിം എസ്ഐസി, പി.കെ. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
ഫാ. ഡാനിയേൽ പൂവണ്ണത്തിൽ വചനപ്രഘോഷണത്തിനു നേതൃത്വം നൽകി. വൈകുന്നേരം ജപമാല, വിശുദ്ധ കുർബാന എന്നിവയോടെയാണ് കൺവൻഷൻ ആരംഭിച്ചത്. പത്തനംതിട്ട വൈദികജില്ലയിലെ വൈദികർ കുർബാനയ്ക്ക് കാർമികരായിരുന്നു.
26 വരെയാണ് കൺവൻഷൻ. എല്ലാദിവസവും വൈകുന്നേരം നാലിന് ജപമാല, വിശുദ്ധ കുർബാന എന്നിവയോടെ ആരംഭിക്കുന്ന കൺവൻഷൻ രാത്രി 8.30ന് സമാപിക്കും. ഫാ. ഡാനിയേൽ പൂവണ്ണത്തിലും സംഘവുമാണ് കൺവൻഷനു നേതൃത്വം നൽകുന്നത്.
കൺവൻഷൻ നഗറിൽ മാർ പവ്വത്തിലിന്
ആദരാഞ്ജലി
പത്തനംതിട്ട: സുവിശേഷം ജീവിച്ച് കാലഘട്ടത്തിന് അനുയോജ്യമായ സാക്ഷ്യം നൽകിയ ശ്രേഷ്ഠാചാര്യനാണ് ദിവംഗതനായ ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലെന്നു പത്തനംതിട്ട ഭദ്രാസനാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത. പത്തനംതിട്ട കാത്തലിക് കൺവൻഷന്റെ ഉദ്ഘാടന യോഗത്തലാണ് മെത്രാപ്പോലീത്ത മാർ പവ്വത്തിലിനെ അനുസ്മരിച്ചത്.
ഭാരതസഭയുടെയും ന്യൂനപക്ഷാവകാശങ്ങളുടെയും ഒരു കാവൽക്കാരനായി മാർ പവ്വത്തിൽ നിലകൊണ്ടു. കേരളത്തിലെ വിദ്യാഭ്യാസ സാമൂഹികരംഗങ്ങളിൽ അദ്ദേഹം നൽകിയ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്നും മാർ ഐറേനിയോസ് പറഞ്ഞു.