ചതുപ്പിൽ അകപ്പെട്ട പശുവിനെ അഗ്നിരക്ഷാസേന രക്ഷിച്ചു
1279698
Tuesday, March 21, 2023 10:47 PM IST
തിരുവല്ല: ചതുപ്പിൽ അകപ്പെട്ട പശുവിനെ അഗ്നിരക്ഷാസേനയെത്തി രക്ഷിച്ചു. പെരിങ്ങര കാരയ്ക്കൽ മാവേലിൽ ശ്രീരംഗത്തിൽ പി.കെ. വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള പശുവിനെയാണ് തിരുവല്ലയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്.
തിങ്കളാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. പശുത്തൊഴുത്തിന് സമീപത്തെ പാടത്തേക്ക് ഇറങ്ങിയ പശു ചതുപ്പിൽ അകപ്പെടുകയായിരുന്നു. തുടർന്നു സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ വടം ഉപയോഗിച്ച് പശുവിനെ കരയ്ക്കു കയറ്റുകയായിരുന്നു. തിരുവല്ല അഗ്നിരക്ഷാനിലയത്തിലെ ലീഡിംഗ് ഫയർമാൻ അനിൽകുമാർ, ഫയർമാൻമാരായ പി. സഞ്ജു, ഹരിലാൽ, ഷംനാദ്, ശിവ പ്രസാദ്, ബാലു തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.