ആടിയുലഞ്ഞ് കോൺഗ്രസ് പാർട്ടി; പ്രശ്നങ്ങൾക്കു പരിഹാരമില്ല, നടപടികൾ തുടരുന്നു
1279104
Sunday, March 19, 2023 10:25 PM IST
പത്തനംതിട്ട: ജില്ലയിലെ കോൺഗ്രസിന്റെ അടിത്തറ ഇളക്കുംവിധം സംഘടനാ പ്രശ്നങ്ങൾ രൂക്ഷമായിട്ടും പരിഹാരമുണ്ടാകുന്നില്ല. നേതാക്കൾ തമ്മിൽ തുടങ്ങിയ തർക്കങ്ങൾ വാക്പോരും കൈയാങ്കളിയും പിന്നിട്ട് തെരുവുയുദ്ധത്തിലേക്ക് എത്തിയിരിക്കുകയാണ്. നേതാക്കളുടെ പോര് കണ്ട് സ്തംഭിച്ചുനിൽക്കുകയാണ് കോൺഗ്രസ് അണികൾ. ഇങ്ങനെപോയാൽ ജില്ലയിൽ പാർട്ടിയുടെ അവസ്ഥ എന്താകുമെന്ന ആശങ്ക പലരും പങ്കുവയ്ക്കുന്നുണ്ട്.
തർക്കവും പോരും മൂർഛിക്കുന്പോൾ ഇടയ്ക്കിടെ നടപടികൾ ഉണ്ടാകുന്നതല്ലാതെ പ്രശ്നം പരിഹരിക്കപ്പെടുന്നില്ല എന്നതാണ് പാർട്ടിക്കു തലവേദനയായിരിക്കുന്നത്. ഒരു പ്രശ്നം തീരുന്പോൾ മറ്റൊന്നു തലപൊക്കുന്ന രീതിയിൽ അച്ചടക്ക ലംഘനങ്ങളും പോരും തുടരുകയാണ്.
നടപടി തുടരുന്നു
ജില്ലയിലെ കോൺഗ്രസിൽ ഉരുണ്ടുകൂടിയ വിഷയങ്ങളിൽ കെപിസിസിതലത്തിൽ ഇതേവരെ ചർച്ച നടന്നിട്ടില്ല. പ്രശ്ന പരിഹാരമില്ലാതെ വന്നതോടെ കൂടുതൽ പേർ പാർട്ടി നടപടികൾക്കു വിധേയരാകുകുന്ന സ്ഥിതിയാണ്. ഡിസിസി മുൻ പ്രസിഡന്റ് ബാബു ജോർജ്, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന ഡോ.സജി ചാക്കോ, ഡിസിസി ജനറൽ സെക്രട്ടറി വി.ആർ. സോജി തുടങ്ങിയവരൊക്കെ പാർട്ടി നടപടിക്കു വിധേയരായി കഴിയുകയാണ്. ഇവരോട് അനുഭാവമുള്ളവരാണ് വീണ്ടും പ്രശ്നം കത്തിച്ചു രംഗത്തുവന്നിരിക്കുന്നത്.
ചർച്ച നടന്നില്ല
വിഷയങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ കെപിസിസി അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കമ്മിറ്റിയംഗങ്ങൾ നിയമസഭാംഗങ്ങളായതിനാൽ സഭാ സമ്മേളനം കാരണം ഇവർ വിഷയം ചർച്ച ചെയ്തില്ല.
ഇതിനിടെ, മല്ലപ്പള്ളി ബ്ലോക്ക് കോൺഗ്രസ് നേതൃയോഗത്തിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം പി.ജെ. കുര്യനെതിരേ ഒരു വിഭാഗം പ്രതിഷേധം ഉയർത്തിയതു സംഘർഷത്തിലാണ് കലാശിച്ചത്.
ഇതിന്റെ നാണക്കേട് മാറ്റാൻ കഴിഞ്ഞ ദിവസം വീണ്ടും മല്ലപ്പള്ളിയിൽ നേതൃയോഗം ചേർന്നു പി.ജെ.കുര്യൻതന്നെ ഉദ്ഘാടനം ചെയ്തു.
പരക്കെ അതൃപ്തി
ഭരണമാറ്റം, അവിശ്വാസം തുടങ്ങിയ വിഷയങ്ങളിൽ ജില്ലയിലെ ചില തദ്ദേശസ്ഥാപനങ്ങളിൽ കോൺഗ്രസ് സ്വീകരിച്ച നിലപാട് പ്രാദേശികതലത്തിൽ പാർട്ടിക്കുള്ളിൽ ഗുരുതരമായ വിഷയങ്ങളായി നിലനിൽക്കുകയാണ്.
പാർട്ടി വിപ്പിന്റെ പേരിൽ റാന്നി, തോട്ടപ്പുഴശേരി തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിൽ വനിത അംഗങ്ങൾക്കെതിരേ അടക്കം നടപടി ഉണ്ടായത് പരക്കെ അതൃപ്തിക്കു കാരണമായി.
പ്രാദേശികമായ സാഹചര്യങ്ങൾ വിലയിരുത്താതെയുള്ള വിപ്പ് പാർട്ടിക്കുള്ളിൽ അഭിപ്രായ വ്യത്യാസം രൂക്ഷമാക്കിയിട്ടുണ്ട്.
സസ്പെൻഷനിലായ കോൺഗ്രസ് പഞ്ചായത്തംഗങ്ങളെ തിരിച്ചെടുക്കാനുള്ള നീക്കങ്ങളും നടക്കുന്നില്ല.