കാപ്പൊലി 2023 - പടയണി പഠന കളരി കിടങ്ങന്നൂരിൽ
1265712
Tuesday, February 7, 2023 10:58 PM IST
പത്തനംതിട്ട: കേരള ഫോക്ലോർ അക്കാദമി മൂന്നു ദിവസം നീളുന്ന പടയണി പഠനകളരി സംഘടിപ്പിക്കും. പത്തനംതിട്ട ജില്ലയിലേയും സമീപജില്ലകളിലേയുമായി മുപ്പതിലധികം കളരികളിലെ ആശാന്മാരും കലാകാരന്മാരും കളരിയില്‍ പങ്കെടുക്കുമെന്നു ഫോക്ലോർ അക്കാദമി അംഗം സുരേഷ് സോമ പത്രസമ്മേളനത്തിൽ പറഞ്ഞു. കാപ്പൊലി 2023, കാവറിവുകളുടെ സംഗമം എന്ന പേരിലാണ് പഠനകളരി സംഘടിപ്പിക്കുന്നത്.
ആറന്മുള കിടങ്ങന്നൂര്‍ പള്ളിമുക്കം ദേവീക്ഷേത്രത്തിലെ പടയണി കളരിയിലാണ് ക്യാമ്പ് നടക്കുന്നത്. പത്തുമുതല്‍ പന്ത്രണ്ട് വരെയാണ് ക്യാമ്പ്. പത്തിനു രാത്രി ഏഴിന് മന്ത്രി സജി ചെറിയാൻ കളരിയുടെ ഉദ്ഘാടനം നിർവഹിക്കും.
ഫോക്ലോര് അക്കാദമി ചെയര്മാന് ഒ.എസ്. ഉണ്ണിക്കൃഷ്ണന് അധ്യക്ഷത വഹിക്കും. പ്രഫ. കടമ്മനിട്ട വാസുദേവന്‍പിള്ളയുടെ മേല്‍നോട്ടത്തില്‍ പ്രസന്നകുമാര്‍ തത്വമസിയാണ് ക്യാന്പ് നയിക്കുന്നത്.
11, 12 തീയതികളിൽ പടയണി പഠനകളരികള്‍ നടക്കും. പടയണിക്കരകളിലെ തന്നെ കലാകാരന്മാര് മോഡറേറ്റര്‍മാരാകും കളരിയും ചര്‍ച്ചകളും. പടയണിയിലെ ദേശഭേദങ്ങള്‍ കലാകാരന്മാര്ക്ക് പരിചയപ്പെടുത്തും വിധമാകും ക്യാമ്പിലെ പഠന ചര്‍ച്ചകള്‍. പടയണിയിലെ തപ്പുമേളം, കോലം തുള്ളല്‍, കോലമെഴുത്ത്, കോലപ്പാട്ട്, വിനോദം, അടവി തുടങ്ങിയ വിഷയങ്ങളിലാകും ചര്‍ച്ചകള്‍. രാത്രി പടയണിയിലെ അപൂര്‍വമായ കോലങ്ങളുടെ അവതരണവും സംഘടിപ്പിച്ചിട്ടുണ്ട്. 11 രാത്രി ഏഴിന് പ്രഫ. കടമ്മനിട്ട വാസുദേവൻ പിള്ളയെ കുറിച്ചുള്ള ഡോക്യുമെന്ററി, പടയണിയിലെ രൗദ്രസങ്കീര്‍ത്തനം പ്രദര്‍ശിപ്പിക്കും. അനില്‍ വള്ളിക്കോടും സംഘവുമാണ് ഡോക്യുമെന്ററി ഒരുക്കിയത്.
12നു വൈകുന്നേരം സമാപന സമ്മേളനം ഫോക്ലോര് അക്കാദമി ചെയര്‍മാര്‍ ഒ.എസ്. ഉണ്ണിക്കൃഷ്ണന് ഉദ്ഘാടനം ചെയ്യും. അക്കാദമി അംഗം സുരേഷ് സോമ അധ്യക്ഷത വഹിക്കും.
ആറന്മുള വാസ്തു വിദ്യാ ഗുരുകുലം ഡയറക്ടര്‍ ടി.ആര്. സദാശിവൻ നായര്‍ മുതിര്‍ന്ന ആശാന്മാരെ ആദരിക്കും.
ക്യാന്പ് ഡയറക്ടർ പ്രസന്നകുമാര്‍ തത്വമസി, കൺവീനർ സന്തോഷ് പുളിയേലില്‍, അനില്‍ വള്ളിക്കോട്, അശോകന് മാവുനില്‍ക്കുന്നതില്‍, വിനു മോഹനന് കുരമ്പാല എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.