ജില്ലാ ശിശുക്ഷേമ സമിതിയുടെ ആരണ്യകം ലൈബ്രറി അടിച്ചിപ്പുഴയില്‍
1265697
Tuesday, February 7, 2023 10:56 PM IST
പത്തനംതിട്ട: ആദിവാസി മേഖലയിലെ കുട്ടികള്‍ക്ക് അറിവും വായനാ ശീലവും പകര്‍ന്നു നല്‍കുന്നതിനായി ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ അടിച്ചിപ്പുഴയില്‍ ആരണ്യകം ലൈബ്രറി ആരംഭിക്കും.
ആദിവാസി കുട്ടികളുടെ പഠന മുറി കെട്ടിടത്തിലെ ഒരു മുറി ഇതിനായി സജ്ജമാക്കും. ജില്ലാ ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തനം താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആരണ്യകം ലൈബ്രറി തുടങ്ങുന്നത്.
എഡിഎം ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന 22-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി. പൊന്നമ്മ റിപ്പോര്‍ട്ടും വരവ് ചെലവ് കണക്ക് ട്രഷറര്‍ ആര്. ഭാസ്കരന് നായരും അവതരിപ്പിച്ചു. പ്രഫ. ടി.കെ.ജി നായര്‍, വൈസ് പ്രസിഡന്റ് പ്രഫ. മോഹനകുമാര്‍, ജോയിന്റ് സെക്രട്ടറി എം.എസ്. ജോണ്‍, എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കെ. ജയകൃഷ്ണന്, അസിസ്റ്റന്‍ഡ് ഡവലപ്മെന്റ് കമ്മീഷണര്‍ കെ.ഇ. വിനോദ് കുമാര്‍, വനിത-ശിശു വികസന ഓഫീസര്‍ അബ്ദുള്‍ബാരി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ രേണുകാഭായി, കലാനിലയം രാമചന്ദ്രന്, രാജന് പടിയറ, സി.ആര്. കൃഷ്ണകുറുപ്പ്, സി.ജി. ചന്ദ്രിക, സി.എന്‍. ജാനകി, കോമളം അനിരുദ്ധന്, നിര്‍മലാദേവി, എഇഒമാര്‍, സിഡിപിഒമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ശിശുക്ഷേമസമിതിയിൽ ലഭിച്ചത് 98 പരാതികൾ
ജില്ലാ ശിശുക്ഷേമ സമിതിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന തണലില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 98 പരാതികള്‍ ലഭിച്ചു. കൃത്യമായ ഇടപെടലിലൂടെ സിഡബ്ല്യുസി, പോലീസ് എന്നിവയുടെ സഹായത്താല്‍ പരാതികളില്‍ തുടര്‍നടപടി സ്വീകരിച്ചു. കുട്ടികള്‍ നേരിടേണ്ടി വരുന്ന പീഡനങ്ങളും അക്രമങ്ങളും തടയാനും സുരക്ഷിതത്വം ഉറപ്പു വരുത്താനും തണലുമായി 1517 എന്ന ടോള്‍ഫ്രീ നമ്പര്‍ മുഖേന ബന്ധപ്പെടാം.
ജില്ലാ ശിശുക്ഷേമ സമിതിയുടെ ഓമല്ലൂരിലെ ശിശുപരിപാലന കേന്ദ്രത്തില്‍ ഇതുവരെ 19 കുഞ്ഞുങ്ങളെ സിഡബ്ല്യുസി ഉത്തരവു പ്രകാരം പരിപാലിച്ചിട്ടുണ്ട്. നിലവില്‍ 12 ആണ്‍കുട്ടികളും എട്ട് പെണ്‍കുട്ടികളും ഇവിടെയുണ്ട്. കഴിഞ്ഞ ഒരുവർഷത്തിനിടെ നാലു കുഞ്ഞുങ്ങളെ ദത്ത് നല്കി. 10 കുട്ടികളെ ഫോസ്റ്റര്‍ കെയറിന് അയച്ചു.
അമ്മത്തൊട്ടിലിൽ
ലഭിച്ചത് 18 കുഞ്ഞുങ്ങളെ
പത്തനംതിട്ട ജനറല്‍ ആശുപത്രി വളപ്പില്‍ സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ 18 കുഞ്ഞുങ്ങളെ ലഭിച്ചു. 17കുഞ്ഞുങ്ങളെയും സംസ്ഥാന സമിതി ഏറ്റെടുത്തു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ പ്രാദേശിക ഫണ്ട് വിനിയോഗിച്ച് അമ്മത്തൊട്ടില്‍ പുതിയ ഇലക്ട്രോണിക് സംവിധാനങ്ങളോടെ നവീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. തൊഴിലെടുക്കുന്ന അമ്മമാരുടെ കുട്ടികള്‍, പിറന്നു വീഴുന്ന കുട്ടികള്‍, മൂന്നു വയസുവരെ പ്രായമുള്ള കുട്ടികള്‍ എന്നിവരുടെ സംരക്ഷണത്തിനായി ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ 17 ക്രഷുകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.