ജില്ലയിൽ ആറ് കൂൺ ഗ്രാമങ്ങളും 600 ചെറുകിട സംരംഭങ്ങളും തുടങ്ങും
1262750
Saturday, January 28, 2023 10:27 PM IST
പത്തനംതിട്ട: കൂണ് കൃഷി വ്യാപനത്തിന് രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍ നിന്നുളള ധനസഹായത്തോടെ വിപുലമായ പദ്ധതി സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് വഴി നടപ്പാക്കുന്നു. ഭക്ഷണ യോഗ്യമായ ചിപ്പിക്കൂണ്‍, പാല്ക്കൂണ് എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്.
പത്തനംതിട്ട ജില്ലയില്‍ ആറു കൂണ് ഗ്രാമങ്ങളാണ് ഒരുങ്ങുന്നത്. 600 ചെറുകിട യൂണിറ്റുകളാണ് ലക്ഷ്യമിടുന്നത്.ഓരോ കൂണ് ഗ്രാമത്തിലും ചെറുകിട യൂണിറ്റുകള്‍, വിത്ത് ഉത്പാദന യൂണിറ്റുകള്‍, സംഭരണ കേന്ദ്രങ്ങള്‍, മൂല്യവർധിത ഉത്പന്ന ഉത്പാദന യൂണിറ്റുകള്‍, മാലിന്യ സംസ്ക്കരണ സംവിധാനം എന്നിവയുണ്ടാകും.
ചെറുകിട കൂണ്‍കൃഷി യൂണിറ്റ് എന്നതില്‍ 80 -100 തടങ്ങള്‍വരെ കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക് പദ്ധതി ചെലവിന്റെ 40 ശതമാനം സഹായധനമായി പരമാവധി 11,250 രൂപയും വന്‍കിട യൂണിറ്റുകള്‍ക്കും, കൂണ്വിത്തുത്പാദന യൂണിറ്റുകള്‍ക്കും രണ്ടു ലക്ഷം രൂപ വരെയും സഹായധനം ലഭിക്കും.
കംപോസ്റ്റ് യൂണിറ്റുകള്‍ക്ക് പദ്ധതി ചെലവിന്റെ പകുതി സഹായധനം പരമാവധി 50,000 വരെ ലഭിക്കും.
മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തയാറാക്കുന്നതിനുളള യൂണിറ്റുകള്‍ക്കും സംഭരണ കേന്ദ്രങ്ങള്‍ക്കും പദ്ധതി ചെലവിന്റെ 50 ശതമാനം സഹായധനമായ ഒരു ലക്ഷം രൂപയും, രണ്ടു ലക്ഷം രൂപയും യഥാക്രമം ലഭ്യമാകും. ഓരോ കൂണ് ഗ്രാമത്തിനും ഈ പദ്ധതിയില്‍ ആവശ്യമായ സൗജന്യ പരിശീലനം നല്‍കും. സംരംഭങ്ങള്‍ തുടങ്ങാന്‍ താത്പര്യമുളള കര്‍ഷകരും കര്‍ഷക കൂട്ടായ്മകളും അതത് പഞ്ചായത്തിലെ കൃഷിഭവനുമായി ബന്ധപ്പെടണമെന്നു കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജാന്‍സി കെ. കോശി അറിയിച്ചു.