പെരുന്തേനരുവിയിൽ കണ്ടത് പുലിയുടെ കാൽപ്പാദങ്ങളോ...!
1261450
Tuesday, January 24, 2023 12:34 AM IST
റാന്നി: കാട്ടാനയുടെ ശല്യം കാരണം പൊറുതി മുട്ടിയ കുരുമ്പൻമൂഴി, പെരുന്തേനരുവി, മണക്കയം പ്രദേശവാസികളുടെ ഉറക്കം കെടുത്തി മറ്റു കാട്ടുമൃഗങ്ങളും നാട്ടിലേക്ക്. കാട്ടാനയ്ക്കും കാട്ടുപോത്തിനും പിന്നാലെ പുലി ഭീതിയിലാണ് നാട്ടുകാർ. പെരുന്തേനരുവിക്കു സമീപം കാണപ്പെട്ട പുലിയുടെ കാൽപാടുകളാണ് നാട്ടുകാരെയും വനപാലകരെയും അങ്കലാപ്പിലാക്കിയിരിക്കുന്നത്. കാൽപാടുകൾ വനം വകുപ്പുദ്യോഗസ്ഥർ എത്തി പരിശോധിച്ചു. പുലിയുടേതാണ് കാൽപ്പാദങ്ങൾ എന്നുറപ്പിച്ചു പറയുന്നില്ലെങ്കിലും സംശയമുള്ളതായി വനപാലകർ പറഞ്ഞു. നാളുകളായി ഈ പ്രദേശം കാട്ടാന ഭീഷണിയുടെ നിഴലിലാണ്.
ഒറ്റയാനും കൂട്ടമായെത്തുന്ന ആനകളും രാത്രികാലങ്ങളിലാണ് ജനവാസമേഖലയിലെത്തുന്നത്. ശബരിമല കാടുകളിൽനിന്ന് ആന പമ്പാനദി കടന്ന് മറുകരയിലെത്തുകയാണ് പതിവ്. ആനയുടെ വരവു മനസിലായാൽ ആളുകൾ ഉറക്കമൊഴിച്ച് കാത്തിരിക്കും. ഏറെ വൈകിയാവും ആന നദിയിറങ്ങി മറുകരയിലേക്ക് നീങ്ങുക. ഇതിനിടയിൽ കർഷക പുരയിടങ്ങളിലെമ്പാടും നാശം വിതയ്ക്കാറുണ്ട്. ഇരുളിന്റെ മറവിൽ നിലകൊള്ളുന്ന ആനയുടെ അടുത്തേക്ക് പോകാതെ തങ്ങളുടെ സ്വത്തുവകകൾ സംരക്ഷിക്കുക മാത്രമേ കർഷകർക്ക് പോംവഴിയുള്ളൂ.