പുലിയെ വെടിവച്ചു പിടികൂടണം: എന്‍.എം. രാജു
1246933
Thursday, December 8, 2022 11:14 PM IST
പത്തനംതിട്ട: കലഞ്ഞൂര്‍ മേഖലയില്‍ രണ്ടാഴ്ചയായി ഭീതി പരത്തുന്ന പുലിയെ മയക്കുവെടി വച്ച് പിടികൂടണമെന്ന് കേരള കോണ്‍ഗ്രസ് - എം സംസ്ഥാന ട്രഷറര്‍ എന്‍.എം. രാജു ആവശ്യപ്പെട്ടു. കലഞ്ഞൂരിലെ പുലി സാന്നിധ്യം വന്യമൃഗശല്യം ജില്ലയില്‍ എത്രത്തോളം രൂക്ഷമായിരിക്കുന്നുവെന്നതിന്റെ തെളിവാണ്.
പുലിയെ പിടിക്കാന്‍ കൂടു സ്ഥാപിച്ചതുകൊണ്ടു മാത്രം ഉദ്ദേശിച്ച പ്രയോജനം ലഭിക്കില്ല. തൊഴിലാളികളും കൃഷിക്കാരും പുലിപ്പേടിയെത്തുടർന്നു പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്.
പുലിക്കു പുറമേ കടുവയും കാട്ടുപോത്തും കാട്ടാനക്കൂട്ടവും കാട്ടു പന്നിയും ജില്ലയുടെ മലയോര മേഖലയിലെ സാധാരണ ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്. ഇത്തമൊരു സാഹചര്യത്തില്‍ ഭീതി കൂടാതെ ജീവിക്കാന്‍ വനംവകുപ്പ് അടിയന്തിര നടപടിയാണ് സ്വീകരിക്കേണ്ടതെന്നും എന്‍.എം. രാജു അഭിപ്രായപ്പെട്ടു.