ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായതായി പരാതി
1246642
Wednesday, December 7, 2022 10:59 PM IST
പത്തനംതിട്ട: ചെന്നീര്‍ക്കര മാത്തൂര്‍ മൈലക്കുന്നില്‍ എം.കെ. അനിലി(43)നെ ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായതായി പരാതി. സഹോദരിയുടെ മകളുടെ നഴ്സിംഗ് അഡ്മിഷനായി തമിഴ്നാട്ടിലെ ഡിണ്ടിഗലില്‍ പോയി മടങ്ങുമ്പോഴാണ് കാണാതായത്.
കഴിഞ്ഞ മൂന്നിനു രാത്രി സഹോദരി, മകള്‍ എന്നിവര്‍ക്കൊപ്പമാണ് അനില്‍ ഡിണ്ടിഗല്‍ സ്റ്റേഷനില്‍നിന്നു കയറിയത്. രാത്രിയില്‍ സഹോദരിയും മകളും കിടന്നുറങ്ങുന്നതിനിടെയാണ് ഇയാളെ കാണാതായതെന്നു പരാതിയില്‍ പറയുന്നു.
പുലര്‍ച്ചെ എറണാകുളത്തെത്തിയപ്പോഴാണ് അനില്‍ ഒപ്പമില്ലെന്നറിഞ്ഞത്. തുടര്‍ന്ന് ചെങ്ങന്നൂരില്‍ ഇവര്‍ ഇറങ്ങി. ജില്ലാ പോലീസ് മേധാവിക്കു നല്കിയ പരാതിയെത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു.
ടിപ്പർ ഇടിച്ച് ബൈക്ക്
യാത്രക്കാരനു പരിക്ക്
റാന്നി: അമിതവേഗത്തിലെത്തിയ ടിപ്പർ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരനു പരിക്ക്.
റാന്നി - അത്തിക്കയം റോഡിൽ കരികുളം ജംഗ്ഷനു സമീപത്തെ വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട ടിപ്പർ ബൈക്ക് യാത്രക്കാരനെ ഇടിക്കുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് 1.30 ഓടെയാണ് അപകടം.
സാരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ബൈക്കിൽ ഇടിച്ച ശേഷം ടിപ്പർ റോഡിന്റെ വശത്തേക്ക് ചരിഞ്ഞിരുന്നു.