മതിയായ യോഗ്യതയില്ലെന്ന ആരോപണം; സംഘടനാ നേതാവിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തി
1245141
Friday, December 2, 2022 10:50 PM IST
കലഞ്ഞൂർ: വിദ്യാഭ്യാസ യോഗ്യതയിൽ ആരോപണം നേരിട്ട സിപിഎം അനുകൂല സംഘടനാ നേതാവിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തി. കലഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ ടെക്നിക്കൽ അസിസ്റ്റന്റായി ജോലി ചെയ്യുന്ന ഹരീഷ് മുകുന്ദിനോടാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മൈക്കിൾ ജോലിയിൽ നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടത്.
വിജിലൻസ് റിപ്പോർട്ടിനെത്തുടർന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഹരീഷ് മുകുന്ദിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തി തുടരന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടിരുന്നു. ഇതേ തുടർന്ന് അന്വേഷണം നടന്ന് റിപ്പോർട്ട് വരുന്നതുവരെ ജോലിയിൽ നിന്ന് മാറി നിൽക്കാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആവശ്യപ്പെടുകയായിരുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പിലെ കരാർ തസ്തികയായ ടെക്നിക്കൽ അസിസ്റ്റന്റ് നിയമനത്തിൽ മതിയായ യോഗ്യതയില്ലെന്ന് കാണിച്ച് വകുപ്പിന് കിട്ടിയ പരാതിയേ തുടർന്നാണ് നടപടി.
ഇദ്ദേഹം സിപിഎം അനുകൂല ടെക്നിക്കൽ അസിസ്റ്റന്റ് അസോസിയേഷന്റെ സംസ്ഥാന ഭാരവാഹിയാണ്. ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയ്ക്കുള്ള യോഗ്യത സംബന്ധിച്ച എല്ലാ രേഖകളും ഓഫീസിൽ നിൽകിയിട്ടുണ്ടെന്നും ഇത്തരത്തിൽ വന്ന ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഹരീഷ് മുകുന്ദ് പറഞ്ഞു.