ഓമല്ലൂരിൽ ഭീതി പടർത്തി കൂടുതൽ നായ്ക്കൾക്ക് പേവിഷ ലക്ഷണങ്ങൾ
1225533
Wednesday, September 28, 2022 10:14 PM IST
ഓമല്ലൂര്‍: ഓമല്ലൂരിൽ തെരുവുനായ്ക്കൾക്ക് പേ വിഷബാധ പടരുന്നതായി ആശങ്ക. മാർക്കറ്റ് ജംഗ്ഷനിലുണ്ടായിരുന്ന നായ്ക്കളിലാണ് ഓരോദിവസവും ലക്ഷണങ്ങൾ പ്രകടമാകുന്നത്.
ഒരാഴ്ച മുമ്പ് ഓമല്ലൂര്‍ കുരിശുമൂടിന് സമീപം വീട്ടുവളപ്പില്‍ കുടുങ്ങിയ നായയിലാണ് പേവിഷബാധ ആദ്യം സ്ഥിരീകരിച്ചത്. നായയെ പിടികൂടി നിരീക്ഷണത്തിലാക്കുകയും പിന്നീട് ഇതു ചാകുകയും ചെയ്തതോടെ നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ച് റിപ്പോർട്ട് വരികയായിരുന്നു.
രണ്ടുദിവസം മുന്‍പ് മാർക്കറ്റ് ജംഗ്ഷനിൽ പേവിഷബാധയോടു കൂടി മറ്റൊരു നായ കടമുറിക്കുള്ളിൽ ഓടിക്കയറുകയും നാട്ടുകാർ ഇതിനെ തടഞ്ഞു പിടികൂടി അധികൃതർക്ക് കൈമാറുകയും ചെയ്തു. നായയെ ആളൊഴിഞ്ഞ സ്ഥലത്തു ബന്ധിച്ചിരിക്കുകയാണ്. തൊട്ടടുത്ത ദിവസം മറ്റൊരു നായയും പേ വിഷ ലക്ഷണങ്ങളോടെ എത്തി. ഇന്നലെ ഉച്ചയ്ക്കെത്തിയ മറ്റൊരു നായയിലും പേവിഷബാധ ലക്ഷണങ്ങൾ കണ്ടു. തുറസായ സ്ഥലത്തായതിനാൽ നായയെ മാറ്റാനായിട്ടില്ല. ജംഗ്ഷനു സമീപം മറ്റൊരു നായയെയും പേവിഷ ലക്ഷണങ്ങളോടെ കണ്ടതായി നാട്ടുകാർ പറയുന്നു. ഇവയെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റാനാകാത്തതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്. മാർക്കറ്റിലും പരിസരങ്ങളിലും ആളൊഴിഞ്ഞ സ്ഥിതിയാണെന്നു വ്യാപാരികൾ പറഞ്ഞു.