ഭാര്യാമാതാവിനെ വെട്ടിപരിക്കേല്പിച്ച കേസില്‍ മരുമകന് അറസ്റ്റില്‍
1225244
Tuesday, September 27, 2022 10:41 PM IST
പത്തനംതിട്ട: മദ്യലഹരിയില്‍ മകളെ മര്‍ദിക്കുന്നതു തടയാന്‍ ശ്രമിച്ച ഭാര്യാമാതാവിനെ വെട്ടിപരിക്കേല്പിച്ച മരുമകന് അറസ്റ്റില്‍.
കൊടുമണ്‍ ഐക്കാട് പന്നിക്കുഴി അബിയ വില്ലയില്‍ ഭാസ്കരന് നായരുടെ മകന് അജയന് നായരാ(49)ണ് കൊടുമണ്‍ പോലീസിന്റെ പിടിയിലായത്. ഇയാളുടെ ഭാര്യ ലേഖയുടെ മാതാവ് പന്നിക്കുഴി രതീഷ് ഭവനില്‍ രവീന്ദ്രന് നായരുടെ ഭാര്യ കമലമ്മ(62)യ്ക്കാണ് വെട്ടേറ്റത്. കഴിഞ്ഞദിവസം രാത്രി വീടിനു മുറ്റത്തുവച്ച് മകളെ അജയന് ഉപദ്രവിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോള്‍ മാതാവ് കമലമ്മയെയും ഇയാള്‍ ആക്രമിക്കുകയായിരുന്നു.
വെട്ടുകത്തി കൊണ്ട് തലയ്ക്കു പിന്നിലും നെറ്റിയിലും വെട്ടി. തടഞ്ഞപ്പോള്‍ വലതുകൈപ്പത്തിയിലും വെട്ടുകൊണ്ടു, എല്ലിന് പൊട്ടലുണ്ടായി.
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കമലമ്മയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത പോലീസ്, അജയന് നായരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൊടുമണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ പ്രവീണിന്റെ നേതൃത്വത്തിലാണ് അന്വേഷണം.