വാഗ്ദാനം ലംഘനം; പ്രക്ഷോഭം തുടങ്ങുമെന്ന് അരിപ്പ ഭൂസമര സമിതി
1512032
Friday, February 7, 2025 6:07 AM IST
കുളത്തൂപ്പുഴ: കൃഷിഭൂമി നൽകി അരിപ്പ ഭൂ സമരം പരിഹരിക്കാമെന്ന ഉറപ്പ് നൽകി മാസങ്ങൾ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതിനാൽ പ്രക്ഷോഭം സംഘടിപ്പിക്കാൻ ആദിവാസി ദളിത് മുന്നേറ്റ സമരസമിതി തീരുമാനിച്ചു.
കഴിഞ്ഞ നവംബർ 14 ന് റവന്യൂ മന്ത്രിയുടെ അധ്യക്ഷതയിൽ ഭൂസമര നേതാക്കളുമായി നടന്ന ഒത്തുതീർപ്പ് ചർച്ചയിലാണ് ഭൂസമരം പിൻവലിക്കുന്നതിന് ധാരണയായത്. മൂന്നുമാസം പിന്നിട്ടിട്ടും ഉദ്യോഗസ്ഥ തലത്തിൽ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ആദിവാസി ദളിത് മുന്നേറ്റ സമരസമിതി പ്രസിഡന്റ് ശ്രീരാമൻ കൊയ്യാൻ പറഞ്ഞു.
അരിപ്പ ഭൂസമര പ്രദേശത്തെ പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി അവസാനവാരം സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്താനും കൺവൻഷൻ തീരുമാനിച്ചതായും സമരസമിതി നേതാക്കൾ അറിയിച്ചു. വി.സി.വി. ജയൻ അധ്യക്ഷത വഹിച്ചു. വി. രമേശൻ, പി.ഷൈനി വട്ടപ്പാറ, മണി, ജി. ബാബു കുമാരൻ, പുന്നല ബേബി എന്നിവർ പ്രസംഗിച്ചു.