വന്യമൃഗശല്യം രൂക്ഷം
1599905
Wednesday, October 15, 2025 6:03 AM IST
തെന്മല, ആര്യങ്കാവ്, കറവൂർ, ഇടമൺ, ചാലിയക്കര, വിളക്കുവെട്ടം, കല്ലാർ മേഖലകളിൽ
അനിൽ പന്തപ്ലാവ്
പുനലൂർ: വന്യമൃഗശല്യംമൂലം കിഴക്കൻ മേഖലയിൽ ജനം ഭീതിയിൽ. കാട്ടുപന്നിയും കാട്ടുപോത്തും പുലിയും കാട്ടാനകളും കുരങ്ങുകളും മയിലുകളും മലയണ്ണാനുമെല്ലാം നാട്ടിലിറങ്ങിയതോടെ ജനം ഭീതിയിലാണ്.
കിഴക്കൻ മേഖലാ പ്രദേശങ്ങളിലെല്ലാം വന്യമൃഗങ്ങൾ ഇറങ്ങുന്നു. തെന്മല, ആര്യങ്കാവ്, കറവൂർ, ഇടമൺ, ചാലിയക്കര, വിളക്കുവെട്ടം, കല്ലാർ മേഖലകളിൽ കൃഷി ചെയ്യാൻ കഴിയാതെ കർഷയർ വലയുന്നു. കാർഷിക വിളകൾ വൻതോതിൽ വന്യമൃഗങ്ങൾ നശിപ്പിക്കാൻ തുടങ്ങിയതോടെ പല കുടുംബങ്ങളും ജീവിക്കാൻ പാടുപെടുന്നു.
ആര്യങ്കാവ് മേഖലയിൽ കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ നിരവധിപേർക്കു ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. സന്ധ്യകഴിഞ്ഞാൽ പലരും ഭയന്നു കഴിയുകയാണ്. കിടങ്ങുകൾ സ്ഥാപിച്ചും തീയിട്ടും മറ്റും ഇവർ ഉറക്കമളച്ചിരിക്കുകുന്നു. ചെമ്പനരുവി പ്രദേശത്തു നിരവധി കുടുംബങ്ങൾ വീടും സ്ഥലവും ഉപേക്ഷിച്ച് ഇവിടെ നിന്നു പോയി.
നൂറുകണക്കിനു കുടുംബങ്ങളുടെ പ്രതീക്ഷകളാണ് ഇല്ലാതായത്. കഴിഞ്ഞ ദിവസം കറവൂർ മേഖലയിലിറങ്ങിയ പുലി കിണറ്റിൽ വീഴുകയുണ്ടായി. ഏതു സമയവും ജീവൻ അപകടത്തിലാകാമെന്ന അവസ്ഥയിലാണ് കിഴക്കൻ മേഖലയിലെ ടാപ്പിംഗ് തൊഴിലാളികൾ.
ദിനംപ്രതി വന്യജീവി ആക്രമണം വർധിച്ചിട്ടും കൃത്യമായ പരിഹാരം കാണാൻ അധികൃതർക്കും കഴിഞ്ഞിട്ടില്ല. ടാപ്പിംഗ് തൊഴിലായി സ്വീകരിച്ചവരാണ് കിഴക്കൻ മേഖലയിൽ ഏറെയും. അതിരാവിലെ റബർ ടാപ്പിംഗിനു പോകുമ്പോൾ പലരും കാട്ടാനകൾക്കു മുന്നിൽ പകച്ചു നിൽക്കുക പതിവാണ്.
സ്ഥിരമായി കാട്ടാനകൾ ഇറങ്ങുന്ന നിരവധി പ്രദേശങ്ങളുണ്ട്.ദിവസേന കാട്ടാനകളെ കാണാത്തവരായി ആരുമില്ല. ജനവാസ മേഖലയും വനമേഖലയും ഒരുപോലെ കിടക്കുന്ന സ്ഥലമാണ് കറവൂർ, പെരുന്തോയിൽ, ചെമ്പനരുവി, തുടങ്ങിയ പ്രദേശങ്ങൾ. വനം വകുപ്പ് കാടു തെളിക്കാത്തതു കാരണം നിലവിലെ കാനനപാതകൾ കാടുമൂടി കിടക്കുന്നു. 1977 നു മുമ്പ് കുടിയേറി താമസിച്ച് കൃഷിയിലൂടെയും വളർത്തു മൃഗങ്ങളിലൂടെയും ഉപജീവനമാർഗം കണ്ടെത്തിയ ജനവിഭാഗങ്ങളും ഇവിടെ താമസിക്കുന്നുണ്ട്.
കഴിഞ്ഞ 10 വർഷത്തിനിടയിൽ കൃഷിയിടങ്ങളിൽ കാട്ടാന,കാട്ട് പോത്ത്, മ്ലാവ്, കേഴ, കടുവ, പുലി എന്നിവയുടെ ആക്രമണം മൂലം വളർത്തുമൃഗങ്ങളും കൃഷിയും പൂർണമായി തകർച്ച നേരിടുകയാണ്.
വളർത്തുമൃഗങ്ങളെയും വൻതോതിൽ കാട്ടുമൃഗങ്ങൾ കൊന്നൊടുക്കുന്നു. നൂറു കണക്കിനു ആടുമാടുകളെയും നായകളെയും കൊന്നൊടുക്കിയിട്ടുണ്ട്. കർഷകർ ആത്മഹത്യയുടെ വക്കിലാണ്. വന്യമൃഗ ശല്യത്തിന് ഏക ആശ്രയമായിരുന്നു വീടുകളിൽ വളർത്തിയിരുന്ന നായ്ക്കൾ. നായ്ക്കളെ പുലികൾ ഭക്ഷണമാക്കി തുടങ്ങിയതോടെ ഇവിടുത്തുകാർക്ക് ഇനി രക്ഷാ കവചം തീർക്കാൻ ഒന്നുമില്ലാതെയായി.
കാട്ടുപന്നികളും വളർത്തു മൃഗങ്ങളെ വൻ തോതിൽ കൊന്നൊടുക്കുകയാണ്. കുട്ടികൾക്കു സ്കൂളിൽ പോകാനും വരാനും കഴിയുന്നില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സമയോചിതമായ ഇടപെടൽ ഉണ്ടെങ്കിലേ ഇവിടെ ജനങ്ങൾക്കു സ്വൈര ജീവിതം ഉറപ്പാക്കാൻ കഴിയു എന്നിരിക്കേ ബന്ധപ്പെടവരും മൗനത്തിലാണ്.