കരവാളൂരിൽ ഉരുൾപൊട്ടൽ
1599915
Wednesday, October 15, 2025 6:12 AM IST
കരവാളൂർ: പുനലൂർ കരവാളൂരിൽ കനത്തമഴയിൽ ഉരുൾപൊട്ടി വൻ കൃഷി നാശം. അഞ്ചോളം കുടുംബങ്ങൾ രക്ഷപ്പെട്ടു. വെഞ്ചേമ്പ് പച്ചയിൽകുന്നിൽ പിനാക്കിൾ വ്യൂപോയിന്റിനു പടിഞ്ഞാറ്, 500-ഓളം അടി ഉയരത്തിൽ സ്വകാര്യവ്യക്തിയുടെ റബർതോട്ടത്തിലാണ് ഉരുൾപൊട്ടലുണ്ടായത്.
കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം.മഴ തുടർന്നതിനാൽ സംഭവം പുറംലോകമറിഞ്ഞതു വൈകി. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ ശക്തമായ വെള്ളപ്പാച്ചിലിൽ അടിവാരത്ത് സ്ഥിതി ചെയ്യുന്ന അനന്തുഭവനിൽ ഓമനയുടെ വീട്ടിൽ വെള്ളം കയറി.
ഈ മേഖലയിലെ കൃഷി ജോലികൾക്കായി എത്തി താമസിച്ചിരുന്ന അതിഥി തൊഴിലാളികളുടെ വീടിനോട് ചേർന്നാണ് വെള്ളപ്പാച്ചിലുണ്ടായതെങ്കിലും തൊഴിലാളികൾ രണ്ടുദിവസം മുൻപ് നാട്ടിൽപോയതിനാൽ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു.
വെഞ്ചേമ്പ് കളിരിയ്ക്കൽ വീട്ടിൽ മിനിയുടെ പേരിലുള്ള റബർ തോട്ടത്തിലെ മരമാണ് കൂടുതൽ നശിച്ചത്. കൂടാതെ മംഗലത്ത് വീട്ടിൽ അനിതയുടെ പുരയിടത്തിലെ റബർ തൈകളും വാഴ കൃഷിയും, പുളിമൂട്ടിൽ വീട്ടിൽ രാജമ്മ കുരുവിള എന്നിവരുടെ വാഴ കൃഷിയും നശിച്ചു.
ഉരുൾപൊട്ടൽ നേരിട്ട പ്രദേശത്ത് കഴിഞ്ഞ ദിവസം നല്ല മഴയായിരുന്നു ഏകദേശം രാത്രി ഒന്പതോടെ മഴ തോർന്നു .അപ്പോൾ വലിയ ശബ്ദമുണ്ടായതായി നാട്ടുകാർ പറഞ്ഞു . ഉരുൾപൊട്ടിയെത്തിയ ഭാഗത്ത് ഒട്ടേറെ നാശനഷ്ടങ്ങളുണ്ടായി. റബർമരങ്ങളും വാഴ, ഇഞ്ചി, കാച്ചിൽ തുടങ്ങിയ വിളകളും ഒലിച്ചുപോയി.
അടിവാരത്തെ കൃഷിയിടങ്ങളിൽ കൂറ്റൻ പാറക്കല്ലുകളും മണ്ണും വെള്ളവും ഒഴുകിയെത്തിയിട്ടുണ്ട്. ഉരുൾപൊട്ടിയ ഭാഗത്ത് വീണ്ടും മണ്ണിടിയുന്ന സ്ഥിതിയാണ്.
ഇത് അടിവാരത്തെ താമസക്കാരെ ആശങ്കയിലാക്കിയിട്ടുണ്ട്. കൃഷി, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സ്ഥലത്ത് പരിശോധന നടത്തിവരുന്നു. കൃഷിനാശത്തിന്റെയും മണ്ണിടിച്ചിലിന്റെയും നാശനഷ്ടം കണക്കാക്കിവരുന്നതേയുള്ളൂ.