കരുനാഗപ്പള്ളിയിലെ വിഭാഗീയതയില്‍ കടുത്ത നടപടിയുമായി സിപിഎം
1486773
Friday, December 13, 2024 6:20 AM IST
കൊല്ലം: കരുനാഗപ്പള്ളിയിലെ വിഭാഗീയതയില്‍ കടുത്ത നടപടിയുമായി സിപിഎം നേതൃത്വം.
പി.ആര്. വസന്തനടക്കം കരുനാഗപ്പള്ളിയില്‍ നിന്നുള്ള നാല് ജില്ലാ കമ്മിറ്റി അംഗങ്ങളെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വച്ചു പൊറുപ്പിക്കില്ലെന്നതിന്റെ തെളിവാണ് നടപടിയെന്നാണ് വ്യക്തമാകുന്നത്.
ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന പി.ആര്. വസന്തന്, മുന്‍ ഏരിയാ സെക്രട്ടറി പി.കെ. ബാലചന്ദ്രന്, ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ കുലശേഖരപുരത്ത് നിന്നുള്ള സി. രാധാമണി, ബി. ഗോപന് എന്നിവരെയാണ് ജില്ലാകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്.
ജില്ലാ കമ്മിറ്റി അംഗം പി.ആര്. വസന്തനും സംസ്ഥാന കമ്മിറ്റി അംഗം സൂസന്‍കോടിയും തമ്മിലുള്ള ചേരിപ്പോരാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. പാര്‍ട്ടിയെ ഒന്നാകെ നാണംകെടുത്തിയ കരുനാഗപ്പള്ളിയിലെ തമ്മിലടിയില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് ജില്ലാ സമ്മേളനത്തിലും അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലും ഉയര്‍ന്നത്.
പ്രശ്നം പരിഹരിക്കുന്നതില്‍ ജില്ലാ നേതൃത്വം പരാജയപ്പെട്ടെന്ന് കുറ്റപ്പെടുത്തലുണ്ടായി. കരുനാഗപ്പള്ളിയില്‍ നിന്ന് ഒരാളെ പോലും പുതിയ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതെയാണ് വിഭാഗീയതയ്ക്ക് ജില്ലാ സമ്മേളനം മറുപടി കൊടുത്തത്.
പാര്‍ട്ടിയിലെ തെറ്റായ പ്രവണതകള്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാകുമെന്ന് കരുനാഗപ്പള്ളിയിലെ ഇടപെടല്‍ വ്യക്തമാക്കുന്നതെന്ന് സംസ്ഥാന സെക്രട്ടി എം.വി. ഗോവിന്ദന് മറുപടി പ്രസംഗത്തില്‍ പ്രതിനിധികളോട് പറഞ്ഞു.
ഇവരുള്‍പ്പെടെ ഒമ്പത് പേരെയാണ് ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്. നാല് പുതുമുഖങ്ങളെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. കൊട്ടാരക്കര മുന്‍ എംഎല്‍എ അയിഷാപോറ്റി, ചിന്താ ജെറോം, രാജപ്പന് നായര്‍ തുടങ്ങിയവര്‍ ഒഴിവാക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
അയിഷാപോറ്റി നേരത്തെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് തന്നെ ഒഴിവാക്കാന്‍ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ചിന്താ ജെറോം സംസ്ഥാന കമ്മിറ്റി അംഗമായതിനാലാണ് ഒഴിവാക്കിയത്. പ്രയാധിക്യം മൂലമാണ് രാജപ്പന് നായര്‍ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടാഞ്ഞത്.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശ്യാം മോഹന്‍, എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ആദര്‍ശ് എം. സജി, കൊല്ലം കോര്പ്പറേഷന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണും മഹിളാ അസോസിയേഷന് ജില്ലാ പ്രസിഡന്റുമായ എസ്. ഗീതാകുമാരി, നെടുവത്തൂര്‍ ഏരിയാ കമ്മിറ്റിയംഗം അഡ്വ. വി. സുമലാല്‍ എന്നിവരാണ് പുതിയതായി ജില്ലാ കമ്മിറ്റിയില്‍ ഇടംപിടിച്ചത്.
കരുനാഗപ്പള്ളിയില്‍ നിന്ന് ആരെയും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 46 അംഗ കമ്മിറ്റിയിൽ 44 പേരെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. രണ്ട് ഒഴിവുകൾ നികത്തിയിട്ടില്ല. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിക്കുന്ന മുറയ്ക്ക് ഒഴിവുകൾ നികത്തുമെന്നാണ് സൂചന. സംസ്ഥാന സമ്മേളനത്തിലേക്കുള്ള 36 പ്രതിനിധികളെയും തെരഞ്ഞെടുത്തിട്ടുണ്ട്.
ജില്ലാകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ: എസ്. സുദേവന്, എസ്. ജയമോഹന്, ജോര്‍ജ് മാത്യു, എം. ശിവശങ്കരപിള്ള, എക്സ് ഏണസ്റ്റ്, ബി. തുളസീധരക്കുറുപ്പ്, പി.എ. ഏബ്രഹാം, എസ്. വിക്രമന്, സി. ബാള്‍ഡുവിന്‍, വി.കെ. അനിരുദ്ധന്, ടി. മനോഹരന്, കെ. സേതുമാധവന്, പി.കെ. ബാലചന്ദ്രന് (ചടയമംഗലം), ബി. അജയകുമാര്‍, കെ. ബാബുപണിക്കര്‍, എസ്.എല്‍. സജികുമാര്‍, എം.എ. രാജഗോപാല്‍, പി.കെ. ഗോപന്,
ജി. മുരളീധരന്, പ്രസന്ന ഏണസ്റ്റ്, എ.എം. ഇക്ബാല്‍, എന്‍. സന്തോഷ്, എന്‍. ജഗദീശന്, ആര്. ബിജു, ജി. സുന്ദരേശന്, ആര്.എസ്. ബാബു, എം. നസീര്‍, പി.ബി. സത്യദേവന്, എസ്. പ്രസാദ്, എസ്. ബിജു (പുനലൂര്‍), എസ്. മുഹമ്മദ് അസ്ലം,
പി.കെ. ജോണ്സണ്, എം. വിശ്വനാഥന്, ബിജു കെ. മാത്യു, വി. ജയപ്രകാശ് (ചാത്തന്നൂര്‍), സുജാചന്ദ്രബാബു, പി.വി. സത്യന്, എം. നൗഷാദ്, അഡ്വ. സബിദാ ബീഗം, എസ്.ആര്. അരുണ്‍ ബാബു, ശ്യാം മോഹന്‍, എസ്. ഗീതാകുമാരി, അഡ്വ. വി. സുമലാല്‍, ആദര്‍ശ് എം. സജി.
പാര്‍ട്ടിയില്‍ വിഭാഗീയത വച്ചുപൊറുപ്പിക്കില്ല: എം.വി. ഗോവിന്ദന്
കൊല്ലം: പാര്‍ട്ടിയില്‍ വിഭാഗീയത വച്ചുപൊറുപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. വിഭാഗീയത വച്ചുപൊറുപ്പിക്കില്ലെന്ന നിലപാടിന്റെ ഭാഗമായാണ് കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടതെന്ന് പൊതുചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ അദ്ദേഹം പറഞ്ഞു.
കരുനാഗപ്പള്ളിക്ക് പുറമേ 18 ഏരിയകളില്‍ സമ്മേളന നടത്തിപ്പില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. അവിടെയെല്ലാം സംസ്ഥാന കമ്മിറ്റി നേരിട്ട് ഇടപെട്ടു. കരുനാഗപ്പള്ളിയില്‍ അഡ്ഹോക്ക് കമ്മിറ്റി പ്രശ്നങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും. ഇതില്‍ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായാല്‍ കര്‍ശന നടപടിയുണ്ടാകും. ബിജെപിയുടെ വളര്‍ച്ച ഗൗരവമായി കാണണം. താനിപ്പോള്‍ ആരെ കണ്ടാലും ചിരിക്കും. ചാനലുകാരെയും പത്രക്കാരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും കണ്ടാലും ചിരിക്കും.
നേതാക്കളുടെ പെരുമാറ്റം പൊതുജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുന്നുവെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചതിന് മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞത്. മറുപടി പ്രസംഗത്തിനിടെ മൈക്ക് പണിമുടക്കിയെങ്കിലും നിശബ്ദനായി നിന്നു. തുടര്‍ന്ന് ശരിയായ ശേഷം താന്‍ പെരുമാറ്റം തിരുത്തിയെന്നും അദ്ദേഹം പറഞ്ഞു.
നവകേരള യാത്രക്കിടെ മൈക്ക് ഓപ്പറേറ്ററോട് ഗോവിന്ദന് തട്ടിക്കയറിയതിനെതിരേ സമ്മേളന പ്രതിനിധികള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായാണ് ഇ.പി. ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതെന്നും, മുഹമ്മദ് റിയാസ് താഴേതട്ടില്‍ നിന്നും ഉയര്‍ന്നുവന്ന നേതാവാണെന്നും മന്ത്രിയാകാന്‍ യോഗ്യനാണെന്നും പ്രതിനിധികളുടെ വിമര്‍ശനത്തിന് മറുപടിയായി ഗോവിന്ദന് പറഞ്ഞു.
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെ മാധ്യമങ്ങളേയും പ്രതിപക്ഷത്തേയും ഗോവിന്ദന് കടന്നാക്രമിക്കുകയും ചെയ്തു.