റബർ കർഷകരെ സഹായിക്കാൻ ഇടപെടണം: കർഷക കോൺഗ്രസ്
1461125
Tuesday, October 15, 2024 12:58 AM IST
അഞ്ചൽ: റബർകർഷകരെ ദ്രോഹിക്കുന്ന ടയർ നിർമാണ മുതലാളിമാരെ താങ്ങുന്ന സർക്കാർ നിലപാട് അപലപനീയമെന്ന് കർഷക കോൺഗ്രസ്. ആശങ്കയിലായിരുന്ന കേരളത്തിലെ റബർ കർഷകർക്ക് ആവേശമുണ്ടാക്കിയാണ് റബർ വില ഉയർന്നത്. റബർ വില താഴേക്ക് പതിക്കുന്ന കാഴ്ചയാണുള്ളതെന്ന് കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിളക്കുപാറ ദാനിയേൽ പ്രസ്താവനയിൽ അറിയിച്ചു.
വൻകിട കമ്പനികളുടെ അനിയന്ത്രിതമായ ഇറക്കുമതി കേന്ദ്ര സർക്കാർ നിയന്ത്രിക്കാത്തതുമൂലം കേരളത്തിലെ റബർ കർഷകർ വീണ്ടും കടക്കെണിയിലേയ്ക്ക് പോകുകയാണ്. ഈ സാഹചര്യത്തിൽ റബർ കർഷകരെ സഹായിക്കുന്നതിന് സർക്കാർ വിപണിയിൽ ഇടപെടേണ്ട സമയം അതിക്രമിച്ചു.
വെയർഹൗസുകൾ ഈർപ്പ രഹിതമാക്കിയാൽ കർഷകർ റബർ, ഗ്രേഡ് ഷീറ്റാക്കി വെയർഹൗസുകളിൽ കേട് കൂടാതെ സൂക്ഷിക്കുകയും ബാങ്കുകൾക്ക് സ്റ്റോക്ക് ചെയ്ത ഷീറ്റിന്റെ ഈടിന്മേൽ വായ്പ അനുവദിക്കാനും കഴിയും. അതോടൊപ്പം ടയർ വ്യവസായികളുടെ അനിയന്ത്രിതമായ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തയാറായാൽ കേരളത്തിലെ റബർ കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.