കൊല്ലത്ത് ഇഎസ്ഐ മെഡിക്കൽ കോളജ് അനുവദിക്കണം
1461122
Tuesday, October 15, 2024 12:58 AM IST
കൊല്ലം: ആശ്രാമം ഇഎസ്ഐ ആശുപത്രിയെ മോഡല്‍ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയാക്കുകയും പുതിയ ഇഎസ്ഐ മെഡിക്കല്‍ കോളജ് അനുവദിക്കുകയും ചെയ്യണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി ഇഎസ്ഐ ബോര്‍ഡ് യോഗത്തില്‍ ആവശ്യപ്പെട്ടു.
ഇഎസ്ഐ മെഡിക്കല്‍ കോളജ് സ്ഥാപിക്കാനായി നയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. 10 പുതിയ മെഡിക്കല്‍ കോളജ് തുടങ്ങാനാണ് ഇഎസ്ഐ അജണ്ടയില്‍ നിർദേശിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആശ്രാമം ആശുപത്രിയെ മെഡിക്കൽ കോളജാക്കുന്ന വിഷയം ഉന്നയിച്ചത്. ആവശ്യം പരിഗണിക്കാമെന്ന് ഇഎസ്ഐ ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് കൂടിയായ കേന്ദ്രമന്ത്രി മന്‍സുഖ് മണ്ഡാവ്യ യോഗത്തില്‍ ഉറപ്പ് നല്കി.
പാരിപ്പള്ളിയില്‍ ഇഎസ്ഐ മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. 2014 ല്‍ ഇഎസ്ഐ കോര്പ്പറേഷന് മെഡിക്കൽ കോളജ് തുടങ്ങുന്നതിൽ നിന്ന് പിന്‍വാങ്ങിയതോടെ പദ്ധതി ഇല്ലാതായി. ഈ സാഹചര്യത്തിൽ ആശ്രാമത്തെ ആശുപത്രിയുടെ സൗകര്യം കണക്കിലെടുത്ത് മെഡിക്കല്‍ കോളജ് തുടങ്ങാൻ കഴിയുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ യോഗത്തില്‍ വിശദീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയത്.