കുളത്തൂപ്പുഴ റെയ്ഞ്ച് ഓഫീസിനു മുന്നിൽ കർഷകർ ധർണ നടത്തി
1460778
Saturday, October 12, 2024 5:50 AM IST
കുളത്തൂപ്പുഴ: വനത്തിനുള്ളിൽ താമസിക്കുന്നവർക്കായുള്ള സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ടവരും ഒഴിഞ്ഞു പോകാൻ സമ്മതം അറിയിച്ചവരുമായവർക്ക് നഷ്ടപരിഹാരം നൽകാത്ത വനം വകുപ്പിന്റെ അലംഭാവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വനം റേഞ്ച് ഓഫീസ് പടിക്കൽ ധർണ നടത്തി.
സ്ഥിരമായി കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടു മൃഗങ്ങളിൽ നിന്ന് രക്ഷ നേടുവാൻവേണ്ടിയാണ് വനമേഖലയിൽ താമസിക്കുന്ന കർഷകർ ഒഴിഞ്ഞു പോകാൻ തയാറാകുന്നത്.
ഡാലി കരിക്കം, മാത്രാ കരിക്കകം, റോസ് മല എന്നീ പ്രദേശങ്ങളിലെ ഒട്ടേറെ ഗുണഭോക്താക്കളാണ് പദ്ധതി പ്രകാരമുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയിട്ടും നഷ്ടപരിഹാരം ലഭിക്കാതെ ദുരിതത്തിൽ കഴിയുന്നത്. കോൺഗ്രസ് കുളത്തൂപ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധരണ ഐഎൻടിയുസി പുനലൂർ മണ്ഡലം പ്രസിഡന്റ് സാബു ഏബ്രഹാം ഉദ്ഘാടനം ചെയ്തു.
ഷീല സത്യൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം റീന ഷാജഹാൻ, എസ്. നിസാം, സക്കറിയ, മണ്ഡലം പ്രസിഡന്റ് സൈനബ ബീവി, സണ്ണി ഏബ്രഹാം, വിമല, സുമംഗല, അജിത്, അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു.